വായ്പാ വിതരണത്തിൽ കൂടുതൽ സുതാര്യതയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി കരട് നിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). വായ്പകളുമായി ബന്ധിപ്പിച്ചിട്ടുള്ള ബെഞ്ച്മാർക്ക് മാറ്റുന്നതിന് മുൻപ് ബാങ്കുകൾ നിർബന്ധമായും വായ്പക്കാരന്റെ സമ്മതം വാങ്ങണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. കരട് ചട്ടക്കൂടിനെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് പരിഗണിച്ചതിന് ശേഷം ആർബിഐയുടെ അന്തിമ തീരുമാനത്തിന് വിധേയമായി, നിർദ്ദിഷ്ട നിയമങ്ങൾ 2027 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായ്പയുമായി ബന്ധിപ്പിച്ചിട്ടുള്ള ബെഞ്ച്മാർക്ക് മാറ്റുന്നത് വായ്പക്കാരനെ യാതൊരുവിധത്തിലും ദോഷകരമായി ബാധിക്കാൻ പാടില്ലെന്ന് ആർബിഐ വ്യക്തമാക്കുന്നു. പുതിയ ബെഞ്ച്മാർക്കിലേക്ക് മാറുമ്പോൾ ഈടാക്കുന്ന പലിശ നിരക്ക്, മാറ്റത്തിന് തൊട്ടുമുൻപ് ഈടാക്കിയിരുന്ന നിരക്കിനേക്കാൾ കൂടരുത്.ബെഞ്ച്മാർക്ക് മാറ്റുന്നതിനായി ബാങ്കുകൾ വായ്പക്കാരിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കാൻ പാടില്ല.നിലവിലുള്ള ഒരു ബെഞ്ച്മാർക്ക് നിർത്തലാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ, വായ്പക്കാരന് ദോഷകരമാകാത്ത രീതിയിൽ മറ്റൊരു ബെഞ്ച്മാർക്കിലേക്ക് ലോൺ മാറ്റേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. ഇത്തരം സാഹചര്യങ്ങളിൽ വായ്പാ കരാറുകളിൽ തന്നെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തണം.
പലിശ നിരക്ക് പുതുക്കുന്ന കാലാവധി മിക്കവാറും വായ്പകൾക്കും മൂന്ന് മാസത്തിൽ കൂടാൻ പാടില്ല. ഒരിക്കൽ ഒരു കാലാവധി നിശ്ചയിച്ചു കഴിഞ്ഞാൽ ലോൺ കാലാവധിക്കുള്ളിൽ അത് മാറ്റാൻ ബാങ്കുകൾക്ക് അനുവാദമുണ്ടാകില്ല.നിലവിലുള്ള എല്ലാ വായ്പകളും 2029 ഏപ്രിൽ 1-നകം പുതിയ ചട്ടക്കൂടിലേക്ക് മാറ്റാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.