ടിക്കറ്റേതരവരുമാനം കൂട്ടാൻ കെ.എസ്.ആർ.ടി.സി. ബസുകളിൽ ആരംഭിച്ച കുപ്പിവെള്ളക്കച്ചവടം വിജയിച്ചില്ല. ജീവനക്കാരുടെ നിസ്സഹകരണവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് തിരിച്ചടിയായത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ദീർഘദൂര ബസുകളിൽ കുപ്പിവെള്ളവില്പന തുടങ്ങാൻ തീരുമാനിച്ചത്.
സർക്കാർ സ്ഥാപനമായ ഹില്ലി അക്വായുമായി ചേർന്ന് കെ.എൽ. 15 എന്ന വിളിപ്പേരിലാണ് കുപ്പിവെള്ളം ഇറക്കിയത്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയായിരുന്നു വില. ഡ്രൈവർക്കും കണ്ടക്ടർക്കും വില്പനച്ചുമതല ഏല്പിച്ച തീരുമാനവും പാളി. കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും കമ്മിഷൻ വാഗ്ദാനം ചെയ്‌തെങ്കിലും ജീവനക്കാർ കുപ്പിവെള്ളവില്പനയ്ക്കു വിസമ്മതിച്ചു.
കുപ്പിവെള്ളം ബസിലേക്ക് കയറ്റുന്നതും ഇറക്കുന്നതും ജോലിഭാരം കൂട്ടുമെന്ന് ജീവനക്കാർ പരാതിപ്പെട്ടു. ജീവനക്കാരെ കുപ്പിവെള്ളവില്പനയ്ക്കു നിർബന്ധിപ്പിക്കാൻ പാടില്ലെന്ന നിലപാടാണ് ആദ്യം തൊഴിലാളിസംഘടനകൾ എടുത്തത്. സ്വമേധയാ വില്പനയ്ക്കു തയ്യാറായ ജീവനക്കാരെ തടഞ്ഞതുമില്ല. ക്രമേണ ബസിലെ കുപ്പിവെള്ളവില്പന നിലച്ചു. സ്റ്റോറുകളിൽ വില്പനയ്ക്കു വെച്ചെങ്കിലും അതും അവസാനിച്ച മട്ടാണ്.പോരായ്മകൾ പരിഹരിച്ച് പദ്ധതി വീണ്ടും ആവിഷ്‌കരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. കുപ്പിവെള്ളം ബസുകളിൽ എത്തിക്കുന്നതിന് സ്വകാര്യ പങ്കാളിത്തം തേടുന്നതും പരിഗണനയിലുണ്ട്.