ഫോറിനേഴ്സ് റസിഡന്റ്സ് ലോ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികളുടെ ഭാഗമായി വിദേശ പൗരന്മാർക്ക് 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അനുവദിച്ച് ഒമാൻ. റോയൽ ഒമാൻ പൊലീസാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്. അധികൃതർ നിശ്ചയിച്ച നിബന്ധനകൾക്ക് വിധേയമായി, നിശ്ചിത രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഒമാനിൽ പ്രവേശിച്ച് 14 ദിവസം വരെ സൗജന്യമായി താമസിക്കാൻ ഈ വിസയിലൂടെ സാധിക്കും.
ഉത്തരവ് നമ്പർ 109/2026 പ്രകാരം കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ഈ പുതിയ ഹ്രസ്വകാല വിസ കാറ്റഗറിക്ക് രൂപം നൽകിയിരിക്കുന്നത്. എന്നാൽ, ഏതൊക്കെ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കാണ് സൗജന്യ വിസ അനുവദിക്കുന്നതെന്നത് സംബന്ധിച്ച് റോയൽ ഒമാൻ പൊലീസ് വൈകാതെ പട്ടിക പുറത്തുവിടുമെന്നാണ് വിവരം.
പരിഷ്കരിച്ച നിയമപ്രകാരം, സൗജന്യ വിസയിൽ എത്തുന്നവർക്ക് 14 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ആവശ്യമായ യോഗ്യതകൾ തെളിയിച്ചും നിശ്ചിത ഫീസ് അടച്ചും സൗജന്യ ടൂറിസ്റ്റ് വിസ മറ്റ് ടൂറിസ്റ്റ് വിസ കാറ്റഗറികളിലേക്ക് മാറ്റാൻ സാധിക്കുമെന്നും റോയൽ ഒമാൻ പൊലിസ് വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേദിവസം മുതൽ ഈ പുതിയ നിയമ ഭേദഗതി പ്രാബല്യത്തിൽ വരും.
നിലവിൽ ഇന്ത്യ ഉൾപ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാർക്ക് ഒമാനിൽ 14 ദിവസത്തെ ‘വിസ ഫ്രീ എൻട്രി’ അനുവദിക്കുന്നുണ്ട്. എന്നാൽ ഇതിൽ ഇന്ത്യ അടക്കമുള്ള 25 ലേറെ രാജ്യങ്ങളിലെ പൗരന്മാർക്ക് യു.എസ്, യു.കെ, ഷെങ്കൻ, കാനഡ, ആസ്‌ത്രേലിയ അല്ലെങ്കിൽ ജി.സി.സി രാജ്യങ്ങളിലെ സാധുവായ വിസയോ റെസിഡൻസിയോ ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്.