അനധികൃത നിർമാണമെന്ന പേരിൽ കെട്ടിടങ്ങളും മറ്റും തകർക്കുന്ന വിവിധ സംസ്ഥാന സർക്കാറുകളുടെ ബുൾഡോസർ രാജിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. രാജ്യത്ത് ദീർഘകാലമായി നിലനിൽക്കുന്ന അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കുന്നതിനും പൊളിച്ചുനീക്കുന്നതിനുമായി നയം രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി. ഇതുസംബന്ധിച്ച നിവേദനത്തിലെ വിഷയങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
അനധികൃതമായി നിർമിച്ച ദരിദ്രരുടെ പാർപ്പിടങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഏകീകൃത നയം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ ലോ ആൻഡ് ഗുഡ് ഗവേണൻസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.എന്നാൽ, ഇക്കാര്യത്തിൽ രാജ്യവ്യാപകമായി ഒരൊറ്റ നയം നിർദേശിക്കാൻ കോടതി വിസമ്മതിച്ചു. വിഷയം പ്രധാനമായും സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നയപരമായ അധികാരപരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളും യാഥാർഥ്യങ്ങളും വ്യത്യസ്തമായതിനാൽ രാജ്യത്താകെ ബാധകമാകുന്ന ഏകീകൃത നയരൂപരേഖ കോടതി നിർദേശിക്കുന്നത് പ്രായോഗികമോ ഉചിതമോ അല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം, പുതിയ നയങ്ങൾ രൂപവത്കരിക്കുമ്പോഴോ നിലവിലുള്ളവ പുനഃപരിശോധിക്കുമ്പോഴോ ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അർഹമായ പരിഗണന നൽകാമെന്ന് കോടതി പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ ഈ വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കി.