Drisya TV | Malayalam News

ഗ്യാസ് ബുക്കിങിന് പുതിയ നിയന്ത്രണം

 Web Desk    7 Aug 2026

ഏജൻസികളിൽ നിന്നു പാചകവാതക സിലിണ്ടർ വിതരണം 2 ദിവസത്തിൽ കൂടുതൽ വൈകിയാൽ ബുക്കിങ് റദ്ദാക്കുന്ന രീതി ആരംഭിച്ചതോടെ കേരളത്തിലെ ഉപയോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ. ഓണക്കാലമെത്തുന്നതോടെ എൽപിജി സിലിണ്ടർ ക്ഷാമത്തിനു ഇതു കാരണമാകുമെന്നും ആശങ്കയുണ്ട്.

ഉപയോക്താക്കൾ ബുക്ക് ചെയ്ത ശേഷം 2 ദിവസം കഴിഞ്ഞും ഏജൻസി വിതരണം ചെയ്തില്ലെങ്കിൽ, എണ്ണക്കമ്പനി തന്നെ ബുക്കിങ് റദ്ദാക്കുന്നതാണ് ഇപ്പോഴത്തെ രീതി.ഇതോടെ ഉപയോക്താവ് വീണ്ടും ബുക്കിങ് നടത്തണം. ഇതു മനസ്സിലാക്കാതെ വിതരണ ഏജൻസികളും ഉപയോക്താക്കളും തമ്മിൽ അവരുടെ ഓഫിസുകളിലും വിതരണ ജീവനക്കാരുമായി തർക്കം പതിവായി.

ബിപിസിഎല്ലിനു കീഴിലുള്ള ഏജൻസികളിലാണ് കൂടുതൽ പ്രശ്നങ്ങൾ. ബിപിസിഎല്ലിനു മാത്രം കേരളത്തിൽ നാനൂറോളം ഏജൻസികളുണ്ട്. കാലവർഷക്കെടുതിയും പ്രളയവും മറ്റു സാഹചര്യങ്ങളും കാരണം ബുക്ക് ചെയ്ത എല്ലാവർക്കും 2 ദിവസത്തിനകം സിലിണ്ടർ വിതരണം പൂർത്തിയാക്കുക അസാധ്യമാണെന്നാണ് ഏജൻസി അധികൃതരുടെ വാദം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു നടപടിയെന്നു പറയുന്നുണ്ടെങ്കിലും അത്തരം രേഖാമൂലമുള്ള നിർദേശങ്ങളൊന്നും നിലവിലില്ല.

  • Share This Article
Drisya TV | Malayalam News