യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുമായി (EIB) സഹകരിച്ച് സ്പാനിഷ് സർക്കാർ ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ദൂരദർശിനിയായ തേർട്ടി മീറ്റർ ദൂരദർശിനി (TMT) നിർമിക്കാനൊരുങ്ങുന്നു. ഇതിനായി 100 കോടി യൂറോ വരെ സമാഹരിക്കുമെന്ന് സ്പാനിഷ് ഭരണകൂടം പ്രഖ്യാപിച്ചു. സ്പെയിനിലെ ലാ പാൽമയിലുള്ള റോക്ക് ഡി ലോസ് മുച്ചാക്കോസ് (Roque de los Muchachos) ഒബ്സർവേറ്ററിയിലാണ് ടിഎംടി ഇന്റർനാഷണൽ ഒബ്സർവേറ്ററി നിർമിക്കാൻ സാധ്യത.
യുഎസ്, കാനഡ, ജപ്പാൻ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ അംഗമായ അന്താരാഷ്ട്ര കൺസോർഷ്യമാണ് ടിഎംടി ഇന്റർനാഷണൽ ഒബ്സർവേറ്ററി. 2014 സെപ്റ്റംബറിൽ ഇന്ത്യ ഈ കൺസോർഷ്യത്തിൽ ചേരുമ്പോൾ, ചെലവിന്റെ 10 ശതമാനം (ഏകദേശം 1300 കോടി രൂപ) ഇന്ത്യ സംഭാവന ചെയ്യാൻ തയ്യാറായിരുന്നു. ശാസ്ത്രസാങ്കേതിക വകുപ്പായിരിക്കും നോഡൽ ഏജൻസി, ആണവോർജ വകുപ്പ് ഇത് ഏകോപിപ്പിക്കും.
ദൂരദർശിനിയുടെ വലിയ പ്രാഥമിക കണ്ണാടിക്ക് (primary mirror) ആവശ്യമായ പോളിഷ് ചെയ്ത കണ്ണാടി സെഗ്മെന്റുകളിൽ 84 എണ്ണം ഇന്ത്യയാണ് നൽകുക. ഇത്തരത്തിൽ 492 ഷഡ്ഭുജ കണ്ണാടികൾ ഉപയോഗിച്ചാണ് ദൂരദർശിനിയുടെ 30 മീറ്റർ പ്രൈമറി മിറർ നിർമിക്കുന്നത്. കൂടാതെ ഇതിന്റെ പ്രിസിഷൻ ആക്യുവേറ്ററുകൾ, എഡ്ജ് സെൻസറുകൾ, സെഗ്‌മെന്റ് സപ്പോർട്ട് അസംബ്ലി (എസ്‌എസ്‌എ) എന്നിവയും ഇന്ത്യ നിർമിക്കും. പ്രൈമറി മിററിന് ചുറ്റും സ്ഥാപിക്കേണ്ട 100 എസ്‌എസ്‌എ സെഗ്‌മെന്റുകളും 80 മിററുകളും ഇന്ത്യയിലാണ് നിർമിക്കുക.
സ്പാനിഷ് ഭരണകൂടം അനുകൂല നിലപാടെടുത്ത സാഹചര്യത്തിൽ "ഇനി ടിഎംടി ഒബ്സർവേറ്ററി കൺസോർഷ്യത്തിന്റെ ഊഴമാണെന്നും ഈ പ്രൊപ്പോസലിന്റെ പ്രാധാന്യം അവർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വടക്കൻ അർധഗോളത്തിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് ദൂരദർശിനിക്കുള്ള സ്ഥലമായി ലാ പാൽമയെ തിരഞ്ഞെടുക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും" സ്പാനിഷ് ശാസ്ത്ര, നവീകരണ, സർവകലാശാല മന്ത്രി ഡയാന മൊറാന്റ് ബുധനാഴ്ച പറഞ്ഞു.
40 കോടി യൂറോയാണ് ഈ പദ്ധതിക്കായി മന്ത്രാലയം നൽകുക. ഇതിൽ 30 കോടി യൂറോ ഇഐബിയിൽ നിന്നുള്ള വായ്പയായും അത്രതന്നെ തുക ഒഫിഷ്യൽ ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ടും നൽകും. മറ്റ് സംഭാവനകളും കൂടി ഉൾപ്പെടുത്തി ആകെ 100 കോടി യൂറോ സ്പെയിൻ പദ്ധതിക്കായി സംഘടിപ്പിക്കും.