Drisya TV | Malayalam News

സ്വകാര്യ ഡിറ്റക്റ്റീവുകളെ നിയന്ത്രിക്കാൻ നിയമസംവിധാനങ്ങൾ ആവശ്യമാണെന്ന് സുപ്രീംകോടതി

 Web Desk    3 Aug 2026

സ്വകാര്യ ഡിറ്റക്റ്റീവുകളെ നിയന്ത്രിക്കാനും ഉത്തരവാദിത്വം ഉറപ്പാക്കാനും നിയമസംവിധാനങ്ങൾ ആവശ്യമാണെന്ന് സുപ്രീംകോടതി. വിവരശേഖരണത്തിനും മറ്റുമായി സ്വകാര്യ അന്വേഷകരെ (പ്രൈവറ്റ് ഡിറ്റക്റ്റീവ്) ആശ്രയിക്കുന്നത് കൂടിവരുന്ന സാഹചര്യത്തിലാണിത്. ഇക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കാൻ കേന്ദ്ര നിയമ മന്ത്രാലയത്തോടു സുപ്രീംകോടതി ആവശ്യപ്പെട്ടു.

വേർപിരിഞ്ഞുകഴിയുന്ന ഭാര്യയ്ക്ക് വിവാഹേതര ബന്ധമുള്ളതിനാൽ ജീവനാംശം നൽകാനാവില്ലെന്ന ഭർത്താവിന്റെ ഹർജിയിലെ വിധിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭാര്യയുടെ വിവാഹേതരബന്ധം തെളിയിക്കാൻ 92 വീഡിയോകളും 237 ഫോട്ടോകളുമാണ് ഭർത്താവ് കോടതിയിൽ സമർപ്പിച്ചത്. ഇത്രയധികം വീഡിയോകളും ചിത്രങ്ങളും സംഘടിപ്പിക്കാൻ ഭർത്താവ് സ്വകാര്യ അന്വേഷകരുടെ സഹായം തേടിയിട്ടുണ്ടാകാമെന്നാണ് സുപ്രീംകോടതി സംശയിച്ചത്. അങ്ങനെയെങ്കിൽ അതുയർത്തുന്നത് ഒട്ടേറെ ചോദ്യങ്ങളാണെന്ന് വെള്ളിയാഴ്ചത്തെ വിധിയിൽ ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ആരാണ് ഈ ചിത്രങ്ങളെല്ലാം എടുത്തത്, അതിന് ആരാണ് അധികാരപ്പെടുത്തിയത്, ഇവ സൂക്ഷിക്കാനുള്ള നടപടികൾ എന്തായിരുന്നു, ഇവ യഥാർഥചിത്രങ്ങളോ അതോ കൃത്രിമമായി സൃഷ്ടിച്ചതാണോ തുടങ്ങിയ വിഷയങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. അതിനാൽ ഇത്തരത്തിൽ തെളിവ് ശേഖരിക്കുന്നത് നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

സ്വകാര്യ ഡിറ്റക്റ്റീവിന്റെ പ്രവർത്തനത്തിൽ പരാതിയുള്ള വ്യക്തിക്ക് പരിഹാരം തേടാൻ സംവിധാനം വേണം. 2007-ൽ രാജ്യസഭയിൽ ഈ വിഷയത്തിൽ ഒരു ബിൽ അവതരിപ്പിച്ചകാര്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസീസ് നിയന്ത്രണ ബില്ലായിരുന്നു അത്.

ഇത്തരം ഏജൻസികളുടെ ലൈസൻസിങ്, രേഖകൾ സൂക്ഷിക്കൽ, ഏതെല്ലാം മേഖലയിൽ അന്വേഷണം പാടില്ലെന്ന കാര്യങ്ങൾ തുടങ്ങിയവ അതിലുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ കോടതി, വിധിയുടെ പകർപ്പ് കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും നിർദേശിച്ചു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിച്ചാൽ, അത് തീർപ്പാക്കിയശേഷമേ ജീവനാംശം അനുവദിക്കാവൂയെന്ന് വ്യക്തമാക്കിയ വിധിയിലാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്.

  • Share This Article
Drisya TV | Malayalam News