Drisya TV | Malayalam News

കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു 

 Web Desk    26 Jul 2026

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ കൈലാസ് ഓഡിറ്റോറിയത്തിനു സമീപം നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്‌വ് ആണ് മരിച്ചത്. അപകടത്തിൽ 26 പേർക്ക് പരുക്കേറ്റു. നാല്പേരുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെടുത്തു.

തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. മഴയിൽ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിനു കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്.

കാറിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. ഫയർഫോഴ്സെത്തി ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസിന്റെ നടുഭാഗം രണ്ടായി പിളർന്നു. വളാഞ്ചേരി, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്.

  • Share This Article
Drisya TV | Malayalam News