Drisya TV | Malayalam News

സ്കൂളിൽ പ്രവേശനത്തിനായി തെറ്റായ ജനന തിയതി നൽകിയ മാതാപിതാക്കൾക്ക് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി 

 Web Desk    22 Jul 2026

സ്കൂളിൽ പ്രവേശനത്തിനായി യഥാര്‍ഥ ജനന തിയതി മറച്ചുവച്ച് തെറ്റായ തിയതി നൽകിയ മാതാപിതാക്കൾക്ക് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി സമര്‍പ്പിച്ച ഹരജിയിൽ വിദ്യാര്‍ഥിയുടെ ജനന തിയതി രേഖകളിൽ തിരുത്താൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനോടും (സിബിഎസ്ഇ) ഡൽഹി സെന്‍റ് കൊളംബാസ് സ്കൂളിനോടും കോടതി നിര്‍ദേശിച്ചു.

മാസ്റ്റർ ആരവ് ഗിരി എന്ന വിദ്യാര്‍ഥി തന്‍റെ രക്ഷിതാവ് മുഖേന സമർപ്പിച്ച റിട്ട് ഹരജിയിൽ തീർപ്പുകൽപ്പിക്കുന്നതിനിടെ ജൂലൈ 17നാണ് ജസ്റ്റിസ് വികാസ് മഹാജൻ വിധി പറഞ്ഞത്. 2014-ൽ കുട്ടിയെ കിന്റർഗാർട്ടനിൽ പ്രവേശിപ്പിച്ചപ്പോൾ, സ്കൂളിലെ രേഖകളിൽ 2010 ഏപ്രിൽ 23 എന്നതിന് പകരം 2010 മാർച്ച് 23 എന്നായിരുന്നു ജനനത്തിയതി തെറ്റായി രേഖപ്പെടുത്തിയതെന്ന് ഹരജിയിൽ പറയുന്നു . ജനന-മരണ രജിസ്ട്രാർ നൽകിയ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്‌പോർട്ട്, ആശുപത്രി രേഖകൾ എന്നിവയിൽ ശരിയായ തിയതി ആയിരുന്നു ഉണ്ടായിരുന്നത്.

സ്കൂൾ തിരിച്ചറിയൽ കാർഡുകളിൽ ശരിയായ ജനന തിയതിയാണ് ഉണ്ടായിരുന്നത്. എന്നാൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കായി സിബിഎസ്ഇക്ക് വിവരങ്ങൾ കൈമാറിയപ്പോൾ സ്കൂൾ അധികൃതർ തെറ്റായ തിയതി നൽകുകയായിരുന്നു. ഇത് തിരുത്താൻ സ്കൂളിനോടും സിബിഎസ്ഇയോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പ്രവേശന സമയത്ത് രക്ഷിതാക്കൾ നൽകിയ ജനന സർട്ടിഫിക്കറ്റിൽ ജനന തിയതി 2010 മാർച്ച് 23 എന്നായിരുന്നു. ആ തിയതി പ്രകാരമാണ് വിദ്യാർഥിക്ക് പ്രവേശനം ലഭിച്ചത്. ഇപ്പോൾ ജനന തിയതി മാറ്റിയാൽ വിദ്യാർഥിയുടെ പ്രവേശനം തന്നെ അസാധുവാകുമെന്ന് സിബിഎസ്ഇ വാദിച്ചു. സ്കൂൾ നൽകിയ വിവരങ്ങൾ മാത്രമാണ് തങ്ങളുടെ രേഖകൾ പ്രതിഫലിപ്പിക്കുന്നതെന്നും അതിനാൽ നിയമപരമായ ഇടപെടൽ കൂടാതെ ഒരു തിരുത്തലും നടത്താൻ കഴിയില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.

ജിഗ്യ യാദവ് vs സിബിഎസ്ഇ കേസിലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വികാസ് മഹാജൻ സ്കൂൾ റെക്കോർഡുകളിൽ വ്യത്യാസമുണ്ടെങ്കിലും, ജനന സർട്ടിഫിക്കറ്റ് പോലുള്ള വിശ്വസനീയമായ പൊതുരേഖകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ രേഖകളിൽ തിരുത്തൽ വരുത്താൻ കോടതികൾക്ക് അനുമതി നൽകാമെന്ന് പറഞ്ഞു. ഹരജിക്കാരന്റെ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്‌പോർട്ട്, ആശുപത്രി രേഖകൾ എന്നിവയിൽ ജനനത്തീയതി 2010 ഏപ്രിൽ 23 എന്ന് ഏകീകൃതമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിഭാഗം ഈ രേഖകളുടെ ആധികാരികതയെ ചോദ്യം ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

  • Share This Article
Drisya TV | Malayalam News