Drisya TV | Malayalam News

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ അനുവദിക്കുന്നതിൽ അപ്രഖ്യാപിത നിയന്ത്രണം

 Web Desk    17 Jul 2026

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ അനുവദിക്കുന്നതിൽ പലയിടത്തും അപ്രഖ്യാപിത നിയന്ത്രണം. പശ്ചിമേഷ്യൻ സംഘർഷത്തിത്തിന്‍റെ പശ്ചാത്തലത്തിൽ പാചകവാതക മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ മറവിലാണ് പുതിയ കണക്ഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എണ്ണക്കമ്പനികൾ ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പുതിയ കണക്ഷൻ നൽകാനാവില്ലെന്നാണ് ഏജൻസികളുടെ നിലപാട്. ഇത് പലപ്പോഴും ഉപഭോക്താക്കളും ഏജൻസി അധികൃതരും തമ്മിലെ വാക്കുതർക്കങ്ങളിലേക്കും നീങ്ങുന്നു. അതേസമയം, ജില്ലയിലെ ചില പ്രദേശങ്ങളിൽ ഗാർഹിക, വാണിജ്യ കണക്ഷനുകൾ യാതൊരു തടസ്സവും കൂടാതെ ലഭിക്കുന്നുമുണ്ട്.

പുതിയ കണക്ഷന് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനികളുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ എണ്ണക്കമ്പനി അധികൃതർ കള്ളക്കളി തുടരുകയാണെന്നാണ് ആക്ഷേപം. ഓൺലൈനായി പുതിയ പാചകവാതക കണക്ഷന് അപേക്ഷിക്കുന്നതിനുള്ള സംവിധാനം പ്രധാന എണ്ണക്കമ്പനികളുടെയെല്ലാം പോർട്ടലുകളിൽ പ്രവർത്തനക്ഷമമാണ്. ഇതനുസരിച്ച് അപേക്ഷ നൽകുന്നവർക്ക് അത് സ്വീകരിച്ചതായി സ്ഥിരീകരിച്ച് ഐ.ഡി നമ്പറും നൽകുന്നുണ്ട്. അപേക്ഷ ബന്ധപ്പെട്ട പാചകവാതക ഏജൻസിക്ക് കൈമാറിയിട്ടുണ്ടെന്ന അറിയിപ്പ് കൂടി ലഭിക്കുന്നതോടെ അപേക്ഷയുടെ രേഖകളുമായി ഉപഭോക്താക്കൾ ഏജൻസികളിലെത്തുമ്പോൾ തങ്ങൾക്ക് ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കണക്ഷൻ അനുവദിക്കാനാവില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

  • Share This Article
Drisya TV | Malayalam News