വാഹനങ്ങൾക്ക് മോഡിഫിക്കേഷൻ അനുവദിക്കുന്ന സർക്കാർ ആണിതെന്നും നൽകുന്ന അനുവാദങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും ഗതാഗത മന്ത്രി സി.പി. ജോൺ. ബസുകളിൽ വോക്കൽ എന്ന പേരിൽ സ്പീക്കറുകൾ വെച്ച് പ്രവർത്തിപ്പിക്കുന്നുണ്ട്. ഇത് അപകടങ്ങൾ ഉണ്ടാക്കുന്നു. വോക്കലുകൾ വെച്ച വാഹനങ്ങൾ അഴിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം അവ കണ്ടുകെട്ടുമെന്നും മന്ത്രി പറഞ്ഞു.
ലക്ഷ്വറി ബസുകൾ ഉടൻ നിരത്തിലിറങ്ങും. കണ്ടമാനം ബസുകൾ വാങ്ങുന്നത് നമ്മുടെ പോളിസി അല്ല. നിലവിൽ ഇപ്പോഴുള്ള ബസുകൾ നിരത്തിലിറക്കും. ഓൺലൈൻ ടാക്സികൾക്ക് മൂന്ന് ലക്ഷം കോടി രൂപയാണ് വാഹന മേഖലയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അവരെയെല്ലാം നമ്മൾ പരിഗണിക്കും. വിവിധ മേഖലകളിൽ ഉൾപ്പെട്ടവരെ ഉത്സാഹിപ്പിക്കാൻ ശ്രമം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സിയിൽ പ്രിയദർശിനി പദ്ധതി വമ്പിച്ച വിജയമായി മാറി. ഒരു മാസത്തിനിടയിൽ 3.81 കോടി യാത്രകളാണ് നടത്തിയത്. ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 12.1 ലക്ഷമായി വർധിച്ചു. പ്രിയദർശിനി പദ്ധതിക്കായി കൂടുതൽ ബസുകൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തെ റവന്യു ലോസ് 60 കോടിയോട് അടുത്തു. പ്രിയദർശിനി ബസുകളുടെ കുറവുണ്ട്. അത് പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. അമിതമായി ആളുകൾ കയറുന്നത് പരമാവധി കുറക്കണം. പരിസ്ഥിതിയിലും ഇതിലും ഇംപാക്ട് ഉണ്ടായി. 1000 പാസഞ്ചറിന് 504 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് ആയിരുന്നു പുറന്തള്ളിയിരുന്നത്. അത് 404 കിലോഗ്രാം ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.