ഇന്ത്യയിലെ കരുതൽ പെട്രോളിയം ശേഖരം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിലവിൽ വെറും 9.5 ദിവസത്തേക്ക് മാത്രമുള്ള 5.33 ദശലക്ഷം ടൺ ക്രൂഡോയിലാണ് മൂന്നിടങ്ങളിലായി ഇന്ത്യയ്ക്കുള്ളത്. ഇത് 40 ദിവസത്തേക്ക് പ്രയോജനപ്പെടുംവിധം സംഭരണികളുടെ ശേഷി ഉയർത്താനാണ് പദ്ധതി. അഞ്ച് സ്ഥലങ്ങളിൽ കൂടി ഭൂഗർഭ അറകളിൽ ക്രൂഡോയിൽ ശേഖരിക്കാനുള്ള പദ്ധതി വേഗത്തിലാക്കും. ഒഡിഷയിലെ ചാണ്ടിഖോൽ, മധ്യപ്രദേശിലെ ബിന, രാജസ്ഥാനിലെ ബിക്കാനീർ, കർണാടകയിലെ പദൂർ, മംഗളൂരു എന്നിവിടങ്ങളിലാണ് പുതിയ സംഭരണ കേന്ദ്രങ്ങൾ വരുന്നത്.
ചാണ്ടിഖോലിലെ പദ്ധതി നടപ്പുസാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ തുടങ്ങാനാകുമെന്നാണ് കരുതുന്നത്. ഇവിടെ 4 ദശലക്ഷം ടൺ ക്രൂഡോയിൽ ശേഖരിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ഒരുക്കുന്നത്. ബിനയിലെയും ബിക്കാനീരിലെയും പദ്ധതിയുടെ സാധ്യതാ പഠനം ഉടനുണ്ടാകും. ഇവിടെ യഥാക്രമം 5 ദശലക്ഷം ടൺ, 5.625 ദശലക്ഷം ടൺ എന്നിങ്ങനെ ശേഖരണ ശേഷിയുണ്ടാകും. പുതിയ കേന്ദ്രങ്ങൾ നിർമിക്കുന്നതിനൊപ്പം നിലവിലുള്ളവയുടെ ശേഷി ഉയർത്താനും പദ്ധതിയുണ്ട്.
മംഗളൂരുവിൽ 1.75 ദശലക്ഷം ടൺ ശേഷിയുള്ള പുതിയ സംഭരണകേന്ദ്രം തുടങ്ങാൻ പൊതുമേഖല കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ പദൂരിലെ ശേഷി 2.5 ദശലക്ഷം ടൺ കൂടി ഉയർത്തുന്ന നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചറാണ് ഈ കേന്ദ്രം വികസിപ്പിക്കുന്നത്.
നിലവിൽ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന് കീഴിൽ വിശാഖപട്ടണം, മംഗളൂരു, പദൂർ എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിൽ 5.33 മില്യൻ മെട്രിക് ടൺ ക്രൂഡോയിലാണ് ഇന്ത്യ സൂക്ഷിക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിലച്ചാൽ 9.5 ദിവസത്തേക്ക് മാത്രമാണ് ഇതു ഉപയോഗിക്കാനാവുക. ചൈന പോലുള്ള രാജ്യങ്ങൾ ആറു മാസത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന ക്രൂഡോയിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജപ്പാനിൽ 200 ദിവസത്തേക്കുള്ള എണ്ണശേഖരവുമുണ്ട്.
90 ദിവസത്തേക്കെങ്കിലുമുള്ള ക്രൂഡോയിൽ ശേഖരം ഉറപ്പാക്കണമെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസി എല്ലാ രാജ്യങ്ങൾക്കും നൽകിയിരിക്കുന്ന നിർദേശം. ഇറാൻ യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ഇപ്പോഴത്തെ ക്രൂഡോയിൽ ശേഖരം മതിയാകില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ ഇതു ഉയർത്താൻ തീരുമാനിച്ചത്.