കെ ബി ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കിയത് ആഘോഷമാക്കി പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ. ഓഫിസിൽ മധുര പലഹാരം വിതരണം ചെയ്തു. പ്രസിഡന്റ് കരിക്കത്തിൽ തങ്കപ്പൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. സമുദായത്തിനു വേണ്ടി ഗണേഷ് ഒന്നും ചെയ്തില്ലെന്ന് തങ്കപ്പൻ പിള്ള പറഞ്ഞു. ഗണേഷ് അംഗങ്ങളിൽ പണം പിരിച്ചുവെന്നും ആരോപണമുയർന്നു.
മുൻ മന്ത്രി കെ ബി ഗണേഷ്കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്തായിരുന്നു. കാലാവധി കഴിഞ്ഞത്തോടെയാണ് ഗണേഷ്‌കുമാറിനെ പുറത്താക്കിയത്. പത്തനാപുരത്തെ താലൂക്ക് യൂണിയൻ പിരിച്ചു വിട്ടതിൽ അടക്കം ജനാധിപത്യവിരുദ്ധ തീരുമാനങ്ങൾ എൻഎസ്എസിൽ ഉണ്ടാവുനാണെന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. എന്നാൽ പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ എന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തിരിച്ചടിച്ചു.
ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും ഗണേഷ്‌കുമാറും അടക്കം 9 ഡയറക്ടർ ബോർഡ് അംഗങ്ങളുടെ കാലാവധിയാണ് കഴിഞ്ഞദിവസം കഴിഞ്ഞത്. ഇതിൽ ഗണേഷ് കുമാർ ഒഴികെ എട്ടുപേർക്കും അംഗത്വം പുതുക്കി നൽകി. കുന്നത്തൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി ആർ കെ ബാബുവിനെയാണ് ഗണേഷ് കുമാറിനു പകരം ഡയറക്ടർ ബോർഡിൽ എടുത്തത്.