സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജൂൺ 30 വരെ വൈകിട്ട് 6നും രാത്രി 12നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭിക്കുന്നതിനു ഡീപ് കരാറുകൾക്കായി നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണത്തിലേക്കു കടക്കുന്നത്.
സാഹചര്യം വിലയിരുത്തുന്നതിനു വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ പവർ സെക്രട്ടറിയും കെഎസ്ഇബി ചെയർമാനുമായ ഡോ.എം.ജി.രാജമാണിക്യം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേർത്തിരുന്നു. ദൈനംദിന കരാറുകളിലൂടെ ലഭ്യമാകുന്ന പരമാവധി വൈദ്യുതി വാങ്ങിയെത്തിക്കണമെന്ന് വൈദ്യുതി മന്ത്രി നിർദേശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വൈദ്യുതി ലഭ്യതക്കുറവ് നിയന്ത്രണാതീതമാകുന്നപക്ഷം അവശ്യം വേണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കെഎസ്ഇബിക്ക് യോഗം അനുമതി നൽകി.
പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർധിച്ചതിനാൽ രാജ്യത്താകെ വൈദ്യുതിലഭ്യതയിൽ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.
ജൂൺ 16 മുതൽ തിരികെ നൽകാമെന്ന കരാറിൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളം ഇതരസംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സമയമാണിത്. നമ്മുടെ ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി ലഭിക്കുന്നതിനു ഡീപ് കരാറുകൾക്കുള്ള പരിശ്രമം കെഎസ്ഇബി നടത്തിയിരുന്നു എങ്കിലും രാജ്യത്തെ എൽനിനോ വൈദ്യുതി പ്രതിസന്ധി കാരണം വിജയിച്ചില്ല.