Drisya TV | Malayalam News

പാചക എണ്ണയുടെ വിൽപനയിൽ വമ്പൻ മാറ്റം നടപ്പിലാക്കി കേന്ദ്രസർക്കാർ.

 Web Desk    7 Jun 2026

പാചക എണ്ണയുടെ വിൽപനയിൽ വമ്പൻ മാറ്റം നടപ്പിലാക്കി കേന്ദ്രസർക്കാർ. കമ്പനികൾക്ക് ഇനി തോന്നിയതു പോലെ പാക്കിങ് നടത്താനാകില്ല. ഉപഭോക്താക്കൾക്കുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ പാചക എണ്ണ ഏകീകൃത അളവിലേക്ക് മാറ്റാൻ കേന്ദ്രം. ഉപഭോക്താക്കൾക്ക് വിവിധ ബ്രാൻഡുകളുടെ പാചക എണ്ണയുടെ വില താരതമ്യം ചെയ്തു വാങ്ങാനും മേഖലയിൽ സുതാര്യത കൊണ്ടുവരാനും സഹായിക്കുന്നതാണ് പുതിയ നീക്കമെന്നാണ് സർക്കാർ വിശദീകരണം. 

നിലവിൽ വെളിച്ചെണ്ണ, പാമോലിൻ തുടങ്ങിയ പാചക എണ്ണകൾ പല അളവിലുള്ള പാക്കിങിലാണ് ലഭ്യമാകുന്നത്. 950 മില്ലി ലീറ്റർ, 800 മില്ലി ലീറ്റർ തുടങ്ങിയ അളവുകളിലാണ് മിക്ക കമ്പനികളും എണ്ണ വിപണിയിലെത്തിക്കുന്നത്. ഇവയ്ക്ക് വ്യത്യസ്ത വിലയും പല കമ്പനികളും ഈടാക്കിയിരുന്നു. ഇത് ഉപഭോക്താക്കളിൽ കടുത്ത ആശയക്കുഴപ്പത്തിനും ഇടയാക്കാറുണ്ട്. പുതിയ ചട്ടപ്രകാരം ഇനി മുതൽ ലീറ്ററിലോ മില്ലിലീറ്ററിലോ മാത്രമേ എണ്ണ വിൽപന അനുവദിക്കൂ. ഇതിനു തുല്യമായ തൂക്കം കിലോഗ്രാമിൽ പ്രദർശിപ്പിക്കണമെന്നും പുതിയ ചട്ടങ്ങൾ പറയുന്നു. 200 മില്ലിലീറ്റർ, 1 ലീറ്റർ, 2 ലീറ്റർ, 3 ലീറ്റർ‍, 4 ലീറ്റർ, 5 ലീറ്റർ, 15 ലിറ്റർ, 20 ലീറ്റർ തുടങ്ങിയ 9 അളവുകളിൽ മാത്രമാണ് ഇനി മുതൽ എണ്ണ വിൽക്കേണ്ടത്. 

മാറ്റത്തിന് കമ്പനികൾക്ക് മൂന്നു മാസത്തെ സാവകാശമാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് ഉൽപാദിപ്പിക്കുന്നതും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഉൽപന്നങ്ങൾക്കും പുതിയ മാനദണ്ഡങ്ങൾ ബാധകമാണ്. എന്നാൽ ചെറിയ പൗച്ചുകളിലോ 200 മില്ലി ലീറ്ററിൽ താഴെയുള്ളവയ്ക്കോ പുതിയ ചട്ടങ്ങൾ ബാധകമല്ല. ബന്ധപ്പെട്ട കമ്പനികളുമായി വിശദ ചർച്ച നടത്തിയതിനു ശേഷമാണ് മാറ്റമെന്നും സർക്കാർ വിശദീകരിച്ചു.

  • Share This Article
Drisya TV | Malayalam News