ആശങ്കയുടെ നിഴലിൽ കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ എട്ടു ദലിത് കുടുംബങ്ങൾ. ഇവിടുത്തെ കുടിയൊഴിപ്പിക്കൽ നടപടികൾ നാളെ പൂർത്തിയാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയിൽ നിന്നുള്ള മന്ത്രി റോജി എം.ജോണ്‍ ഇന്ന് താമസക്കാരുമായി ചർച്ച നടത്തും. സ്ഥലം എംഎൽഎ വി.പി.സജീന്ദ്രനും ജില്ലാ കലക്ടർ ജി.പ്രിയങ്കയും ചർച്ചയിൽ പങ്കെടുക്കും. രാത്രി എട്ടു മണിക്കാണ് താമസക്കാരെ ജില്ലാ കലക്ട്രേറ്റിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ നിലവിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി തീരുമാനം ഉണ്ടാകുന്നതു വരെ സമയം നീട്ടി ചോദിക്കാനുമാണ് സർക്കാർ ആലോചന. ആഭ്യന്തര മന്ത്രി രമേശ് െചന്നിത്തല വിളിച്ചു ചേർത്ത യോഗത്തിലാണ് ചർച്ചയ്ക്കായി റോജി എം.ജോണിനെ നിയോഗിക്കാൻ തീരുമാനിച്ചത്. അതേ സമയം, കിടപ്പാടം വിട്ട് ഒഴിഞ്ഞു പോകില്ലെന്ന നിലപാടിലാണ് ഇവിടുത്തെ താമസക്കാർ.
കഴിഞ്ഞ ദിവസം അഭിഭാഷക കമ്മിഷൻ വൻ പൊലീസ് സന്നാഹങ്ങളുമായി സ്ഥലത്തെത്തി കുടിയൊഴിപ്പിക്കൽ നടത്താൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതോടെ, സമരം ശക്തമാക്കാൻ താമസക്കാരും സമരത്തിന് പിന്തുണ നൽകുന്ന സിപിഎമ്മും തീരുമാനിച്ചു. ഇന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ സമരപ്പന്തലിലെത്തി. മുൻ മന്ത്രി ആര്‍.ബിന്ദു സമരക്കാരെ അഭിസംബോധനയും ചെയ്തു. എട്ടു കുടുംബങ്ങൾക്ക് പോകാൻ മറ്റൊരിടമില്ലെന്നും അക്കാര്യത്തിൽ തീരുമാനകാതെ കുടിയൊഴിപ്പിക്കാൻ സമ്മതിക്കില്ല എന്നുമാണ് സിപിഎം നിലപാട്. കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കി 26നകം റിപ്പോർട്ട് സമർപ്പിക്കാനാണ് അഡ്വ. കമ്മിഷന് കോടതി നൽകിയിരിക്കുന്ന നിർദേശം.