Drisya TV | Malayalam News

ഹരിതകർമസേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനു സംരംഭ വികസന പദ്ധതി

 Web Desk    22 May 2026

സംസ്ഥാന ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭകളിലെ ഹരിതകർമസേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനു സംരംഭ വികസന പദ്ധതി രൂപീകരിക്കും. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ (കെഎസ്ഡബ്ല്യുഎംപി) ഭാഗമായി സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഹരിതകർമ സേനാംഗങ്ങളുടെ നിലവിലെ വരുമാന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളോടു ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം നൽകുകയും ചെയ്യുകയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതു സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.

ഹരിതകർമസേന കൺസോർഷ്യങ്ങളുടെ നേതൃത്വത്തിൽ ചെറുകിട സംരംഭക യൂണിറ്റുകൾ രൂപീകരിക്കും. പ്ലാസ്റ്റിക് ശേഖരണം, തരംതിരിക്കൽ, റീസൈക്ലിങ് അനുബന്ധ പ്രവർത്തനങ്ങൾ, ക്ലീനിങ് യൂണിറ്റുകൾ, ജൈവവളം നിർമാണം, പുനരുപയോഗ മൂല്യവർധിത ഉൽപന്നങ്ങൾ, ഹോം കംപോസ്റ്റിങ് യൂണിറ്റുകൾ എന്നിവ പോലുള്ള മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. ഇത്തരം യൂണിറ്റുകൾക്ക് എംഎസ്എംഇ റജിസ്ട്രേഷൻ നേടാനും ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കാനും സൗകര്യമൊരുക്കും. ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ മൂലധനം, ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം, ആറുമാസം വരെയുള്ള വർ‍ക്കിങ് ക്യാപ്പിറ്റൽ, പരിശീലനവും സാങ്കേതിക പിന്തുണയും സർക്കാർ നൽകും.

  • Share This Article
Drisya TV | Malayalam News