Drisya TV | Malayalam News

വി.ഡി. സതീശൻ സർക്കാരും കടമെടുക്കൽ ആരംഭിക്കുന്നു

 Web Desk    22 May 2026

ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ചെലുകൾക്ക് പണം ഉറപ്പാക്കാനായി വി.ഡി. സതീശൻ സർക്കാരും കടമെടുക്കൽ ആരംഭിക്കുന്നു. ആദ്യ കടമെടുപ്പ് മേയ് 26ന് നടക്കും. റിസർവ് ബാങ്കിന്റെ ഇ-കുബേര്‌ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്. അതേസമയം, ഇത്തവണയും കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ കടുംവെട്ട് നടത്തിയിട്ടുണ്ട്. നേരത്തേ ഇതേ കാരണത്തിന് എൽഡിഎഫ് സർക്കാരും കേന്ദ്രവും നിയമപ്പോരിലേക്ക് ഉൾപ്പെടെ കടന്നിരുന്നു. 

പുതിയ സർക്കാർ അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ മേയ് 12ന് കേരളം 2800 കോടി രൂപ കടമെടുത്തിരുന്നു. ഏഴു വർഷത്തെ തിരിച്ചടവു കാലാവധിയിൽ 400 കോടി രൂപയും 11 വർഷ കാലാവധിയിൽ 1000 കോടി രൂപയും 16 വർഷ കാലാവധിയിൽ 1400 കോടി രൂപയുമാണ് അന്ന് സമാഹരിച്ചത്. ഇതോടെ നടപ്പുസാമ്പത്തിക വർഷത്തെ പൊതുകടം 4600 കോടി രൂപയായി വർധിക്കും.

ഓരോ സാമ്പത്തിക വർഷവും കേന്ദ്രം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കും. പരിധി നിശ്ചയിക്കുംമുൻപ് തൽക്കാലത്തേക്ക് കടമെടുക്കാൻ അനുവദിക്കാറുണ്ട്. ഇത്തുറി കേരളത്തിന് ഇപ്രകാരം 4700 കോടി രൂപ എടുക്കാൻ അനുവദിച്ചിരുന്നു. ഇതുപ്രകാരമുള്ള കടമെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.

നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ഒമ്പത് മാസക്കാലത്ത് (ഏപ്രിൽ-ഡിസംബർ) 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നതെന്ന് അറിയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഡിസംബർ വരെ 29,529 കോടി രൂപ കടമെടുക്കാൻ അനുവദിച്ചിരുന്നു. ഇത്തവണ 6500 കോടി രൂപയോളം വെട്ടിക്കുറച്ചു.

  • Share This Article
Drisya TV | Malayalam News