നവകേരള യാത്രയ്ക്കിടെ കെഎസ പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപ്, പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽനിന്ന് ഒഴിവായി. പിണറായി മുഖ്യമന്ത്രിയായിരിക്കെ നൽകിയ അതിസുരക്ഷ പൂർണമായി പിൻവലിച്ചതോടെയാണ് സന്ദീപ് പൊലീസിലേക്ക് മടങ്ങിയത്. അതേസമയം മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ പിണറായിക്കൊപ്പം തുടരുകയാണ്. പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നൽകിയിരുന്ന സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി. പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി എന്നീ നിലയിൽ വൈ കാറ്റഗറി സുരക്ഷയാണ് ഇപ്പോൾ നൽകുന്നത്. ഇതോടെ ഗൺമാന്മാർക്കു പകരം രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്കോർട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. ഇത് വർധിപ്പിക്കണോ എന്ന കാര്യത്തിൽ ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ കമ്മിറ്റി തീരുമാനിക്കും.