ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർണായകമായ കൂടിക്കാഴ്ച.
ഇറാനുമേൽ സമ്മർദം ചെലുത്താനും ഹോർമുസ് കടലിടുക്കിലെ എണ്ണ ഗതാഗതം സുഗമമാക്കാനും ഇടപെടണമെന്ന് യുഎസ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇറാൻ ചൈനീസ് വിദേശകാര്യ മന്ത്രിമാർ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപുറമെ, വ്യാപാരക്കരാറിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുമെന്നാണ് വിവരം.
ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. 'പ്രസിഡന്റ് ഷീയുമായി ഞങ്ങൾ നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനുണ്ട്. മറ്റെന്തിനേക്കാളും കൂടുതൽ, വ്യാപാര സംബന്ധമായ കാര്യങ്ങളെക്കുറിച്ചായിരിക്കും ഞങ്ങൾ സംസാരിക്കുക.' ചൈനയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.