ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാൻ ധാരണയാകുന്നതായി റിപ്പോര്‍ട്ട്. ഇറാനുമായി വളരെ മികച്ച രീതിയിൽ ചർച്ചകൾ നടന്നതായും ഒരു കരാറിലെത്താൻ വളരെയേറെ സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. നിലവിലെ സംഘർഷം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശം ഇറാൻ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം എന്നതാണ് ശ്രദ്ധേയം.
ചർച്ചകളിലെ പുരോഗതിയെക്കുറിച്ച് വൈറ്റ് ഹൗസിൽ സംസാരിക്കവെ ട്രംപ് സൂചന നൽകിയിരുന്നു. എന്നാൽ ഇറാൻ തങ്ങളുടെ ആണവ പദ്ധതി നിർത്തിവയ്ക്കണമെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നുമാണ് അദ്ദേഹം ആവർത്തിച്ചു പറഞ്ഞത്. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്ത ആഴ്ച നിശ്ചയിച്ചിട്ടുള്ള ചൈന സന്ദർശനത്തിന് മുമ്പ് ഇറാനുമായി കരാറിലെത്താൻ കഴിയുമെന്ന് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഈ സംഘർഷം അവസാനിക്കാൻ വലിയ സാധ്യതയുണ്ടെന്നാണ് താൻ കരുതുന്നതെന്നും എന്നാൽ അത് അവസാനിക്കുന്നില്ലെങ്കിൽ വീണ്ടും അതിശക്തമായ ആക്രമണം നടത്തേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ട്രംപിന്റെ പ്രതികരണങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കരുതലോടെയാണ് ഇറാന്റെ പ്രതികരണം. കരാർ ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾ അതിശയോക്തിപരമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗായി പറഞ്ഞു. ഏറ്റവും പുതിയ യുഎസ് നിർദ്ദേശത്തിന് ടെഹ്‌റാൻ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്റെ മധ്യസ്ഥതയിൽ നയതന്ത്രപരമായ ആശയവിനിമയങ്ങൾ തുടരുന്നുണ്ടെന്നും ബാഗായി സ്ഥിരീകരിച്ചു.