മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ. വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഡൽഹിയിലെത്തി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഡൽഹിയിലുണ്ട്. ചർച്ചയിൽ രാഹുൽ ഗാന്ധി ഇടപെടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനമെടുക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കേരളത്തിൽനിന്ന് മടങ്ങിയെത്തിയ എഐസിസി നിരീക്ഷകരുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയില്ല.
മുഖ്യമന്ത്രി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ വി.ഡി.സതീശന് എംഎസ്എഫ് പ്രവർത്തകർ സ്വീകരണം നൽകി. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് നേരെ അവർ മുദ്രാവാക്യം വിളിച്ചു. കേരള ഹൗസിൽ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും രമേശ് ചെന്നിത്തല എത്തിയില്ല. ഇന്നലെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച നേതാക്കൾ ഡൽഹിയിലെത്തിയത് രാത്രി പന്ത്രണ്ടരയോടെയാണ്. കേരള ഹൗസിലേക്ക് വി.ഡി.സതീശന്റെ കാർ എത്തിയ ഉടൻ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി എത്തി. നേതാക്കൾ ഷാൾ അണിയിച്ചശേഷം തോളിലേറ്റി കേരള ഹൗസിലേക്ക് എത്തിച്ചു. യുഡിഎഫ് വിജയത്തിലെ സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ വി.ഡി.സതീശൻ മുറിയിലേക്കു പോയി. തൊട്ടു പിന്നാലെ കേരള ഹൗസിലേക്ക് എത്തിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനു നേരെ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹവും മുറിയിലേക്കു പോയി.