Drisya TV | Malayalam News

സമാധാനക്കരാറിനു മേൽ കരിനിഴൽ പടർത്തി ഹോർമുസിൽ യുഎസ്–ഇറാൻ സൈന്യങ്ങളുടെ ഏറ്റുമുട്ടൽ

 Web Desk    8 May 2026

സമാധാനക്കരാറിനു മേൽ കരിനിഴൽ പടർത്തി ഹോർമുസിൽ യുഎസ്–ഇറാൻ സൈന്യങ്ങളുടെ ഏറ്റുമുട്ടൽ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ഇറാനിലെ ഖേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ഇവിടെനിന്നു സ്ഫോടനശബ്ദം കേട്ടെന്നും ഡ്രോൺ ആക്രമണങ്ങളുണ്ടായെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ സൈന്യവും തിരിച്ചടിച്ചു. രണ്ടു ഡ്രോണുകളെ ഇറാൻ‍ സൈന്യം വെടിവച്ചിട്ടതായും പറയുന്നു. യുഎസിന്റെ മൂന്ന് ഡിസ്ട്രോയർ കപ്പലുകൾ ലക്ഷ്യമിട്ടെത്തിയ ഇറാൻ കപ്പലുകളെ യുഎസ് സേന തകർത്തെന്ന് ഡോണൾഡ് ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ‘അമേരിക്കയുടെ മൂന്ന് ലോകോത്തര നാവിക ഡിസ്ട്രോയർ കപ്പലുകൾ വെടിവയ്പിനിടയിലൂടെ വിജയകരമായി ഹോർമുസ് കടലിടുക്ക് കടന്നു. അമേരിക്കൻ കപ്പലുകൾക്ക് ഒരു കേടുപാടുമുണ്ടായില്ല, എന്നാൽ ആക്രമിക്കാൻ വന്ന ഇറാൻ കപ്പലുകൾക്ക് സമ്പൂർണ നാശമുണ്ടായിട്ടുണ്ട്.’ – ട്രംപ് കുറിച്ചു. അതേസമയം, ഇറാനുമായി ഹോർമുസിലുണ്ടായ ഏറ്റുമുട്ടൽ ഒരു ‘സ്നേഹത്തല്ല്’ ആയിരുന്നെന്നും വെടിനിർത്തൽ കരാർ തുടരുമെന്നും ട്രംപ് എബിസി ന്യൂസിനോട് പ്രതികരിച്ചു. 

എന്നാൽ, ഹോർമുസിലേക്ക് വരുകയായിരുന്ന ഒരു എണ്ണക്കപ്പലിനെയും ഫുജൈറ തുറമുഖത്തിനു സമീപം വച്ച് മറ്റൊരു കപ്പലിനെയും യുഎസ് ആക്രമിച്ചതായി ഇറാൻ പറഞ്ഞു. ബന്ദർ ഖാമിർ, സിറിക്, ഖേഷം ദ്വീപ് എന്നിവയുടെ തീരപ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ ചില രാജ്യങ്ങളുടെ പിന്തുണയോടെ യുഎസ് ആക്രമണം നടത്തിയെന്നും ഇറാൻ സൈനിക വക്താവ് ആരോപിച്ചു. ഇറാനെ സിംഹത്തോട് ഉപമിച്ചുകൊണ്ടുള്ള പ്രസ്താവനയും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഖയി നടത്തി. ‘സിംഹം പല്ല് കൂർപ്പിക്കുന്നതിനെ ചിരിയായി തെറ്റിദ്ധരിക്കരുത്’ – എന്ന് ബാഖയി പറഞ്ഞു. അതിനിടെ, യുഎഇയിൽ വീണ്ടും ഇറാന്റെ വ്യോമാക്രമണമുണ്ടായി. മിസൈലാക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരാനും മന്ത്രാലയം ജാഗ്രത നിർദേശം നൽകി.

  • Share This Article
Drisya TV | Malayalam News