Drisya TV | Malayalam News

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ചയോടെ അന്തിമ തീരുമാനമായേക്കും

 Web Desk    7 May 2026

കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ എം.എൽ.എമാരും മുതിർന്ന നേതാക്കളും എ.ഐ.സി.സി നിരീക്ഷകരെ കണ്ട് അഭിപ്രായം അറിയിച്ചു. ഇതോടെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഞായറാഴ്ചയോടെ അന്തിമ തീരുമാനമായേക്കും. കെ. മുരളീധരനാണ് ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകരെ അറിയിച്ചത്. തന്റെ അഭിപ്രായം നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരാണെന്ന തീരുമാനം ഞായറാഴ്ചയോടെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിശദീകരണങ്ങൾക്ക് അദ്ദേഹം തയ്യാറായില്ല.

അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടി ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാ കക്ഷി പാസാക്കി. നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും. കോൺഗ്രസിന് 63 എംഎൽഎമാരാണുള്ളത്. 102 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുന്നത്. എം.എൽ.എമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ നിശ്ചയിക്കുക.

തന്റെ നിലപാടുകൾ ആത്മാർത്ഥമായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് എ.ഐ.സി.സി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. എം.എൽ.എമാരുടെ പിന്തുണ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാണ്. അവരുടെ പിന്തുണയില്ലാതെ നിയമസഭാ കക്ഷിയെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും രക്തവും വിയർപ്പും ഒഴുക്കിയ സാധാരണ പ്രവർത്തകരുടെ വികാരം കൂടി പരിഗണിച്ചാവണം തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രത്യേകമായി ആരുടെ പേരും നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശനും നിരീക്ഷകരെ കണ്ട് തന്റെ നിലപാട് അറിയിച്ചെങ്കിലും മാധ്യമങ്ങളുമായി സംസാരിക്കാൻ തയ്യാറായില്ല. എംഎൽഎമാരുടെയും നേതാക്കളുടെയും അഭിപ്രായം കേട്ട് റിപ്പോർട്ട് സമർപ്പിക്കുന്നതാണ് കോൺഗ്രസിന്റെ രീതിയെന്ന് മുതിർന്ന നേതാവ് പി.ജെ. കുര്യൻ പറഞ്ഞു. ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണ ആർക്കാണെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

  • Share This Article
Drisya TV | Malayalam News