Drisya TV | Malayalam News

ഭരണത്തിൽ കയറുന്നതിനു മുൻപ് തന്നെ പൊലീസ് സേനയിൽ അഴിച്ചു പണി 

 Web Desk    7 May 2026

ഭരണത്തിൽ കയറുന്നതിനു മുൻപ് തന്നെ പൊലീസ് സേനയിൽ അഴിച്ചു പണി തുടങ്ങി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഇടങ്ങളിലെ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ എന്നീ തസ്തകയിലുള്ളവരെ മാറ്റി. എആർ ക്യാംപ്, കൺട്രോൾ റൂം, ട്രാഫിക്, കമ്മിഷണർ ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രധാനമായും ഇടതു അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പകരം വലത് അനുകൂല ഉദ്യോഗസ്ഥരെ നിയമിച്ചു.

ഇടതുപക്ഷം ഭരണത്തിൽ കയറിയ പിറ്റേ ദിവസം ഇതേ തരത്തിൽ വലതു സംഘടന നേതാക്കളെ മാറ്റിയിരുന്നു. ഇതിനും മറുപടിയായാണ് ഇപ്പോഴത്തെ നിയമിച്ചതെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം തെറ്റിക്കാതെ പ്രത്യേക ക്രമീകരണത്തിന്റെ ഭാഗമായാണ് ഇവരെ മാറ്റി നിയമിച്ചുവെന്നാണ് വിശദീകരണം. ട്രാഫിക്കിൽ ഓഫിസ് ഡ്യൂട്ടി നോക്കിയിരുന്ന ഭൂരിഭാഗം പേരെയും ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിച്ചു.

പൊലീസ് സംഘടനയിലെ ഇടതു അനുഭാവമുള്ള സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ക്രമീകരണത്തിന്റെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിയമിക്കണമെന്നാണ് വലതു അനുകൂല സംഘടനകളുടെ ആവശ്യം. ഏറ്റവും ജോലിത്തിരക്കുള്ള സ്റ്റേഷനാണ് മ്യൂസിയം. മുഖ്യമന്ത്രി, മന്ത്രിമാർ, ഗവർണർ എന്നിവരുടെ വസതിയുള്ള സ്റ്റേഷൻ പരിധിയിൽ എപ്പോഴും സുരക്ഷയ്ക്ക് ഈ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ആവശ്യം.

മുൻ ഭരണപക്ഷ കാലത്തു മറ്റു ജില്ലകളിലേക്ക് അകാരണമായി മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കണമെന്നും വലത് സംഘടന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൊലീസ് സ്ഥലമാറ്റ ഉത്തരവും വെള്ളിയാഴ്ച മുതൽ ഇറങ്ങും. സംഘടനയ്ക്ക് വിശ്വസ്തരായ സിഐമാരെ നഗരത്തിലെ സ്റ്റേഷനുകളിൽ നിയമിക്കണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News