Drisya TV | Malayalam News

മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ സി വേണുഗോപാല്‍ 

 Web Desk    7 May 2026

മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ നേതാക്കൾ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം തുടങ്ങി. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്തെ മീഡിയ റൂമിലാണ് യോഗം ചേരുന്നത്. അതേസമയം, മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎൽഎമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഹുലിന്റെ അനുമതി കിട്ടുമെന്ന പ്രതീഷയിലാണ് കെ സി ക്യാമ്പ്. എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു.എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് വിഡി സതീശന്‍റെ വാദം. അതിനിടെ, കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായെന്നാണ് കെസി വേണുഗോപാൽ വിഭാഗം പറയുന്നത്. 16 എംഎൽഎമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. 9 എംഎൽഎമാർ ഒപ്പമെന്ന് വി ഡി സതീശൻ ക്യാമ്പ് പറയുന്നു. എന്നാൽ, നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ എംഎൽഎമാർ അഭിപ്രായം മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് മാനേജർമാർക്കുണ്ട്. എംഎൽഎമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം ഉൾപ്പെടെ പലർക്കും വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. അതേസമയം, ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും ഒന്നിച്ചും, ഒറ്റയ്ക്ക് ഒറ്റയ്ക്കും കാണും. തിരുവനന്തപുരത്തെ താജ് ഹോട്ടലിൽ തങ്ങിയ നിരീക്ഷകർ പുലർച്ചെ മുതൽ നിരവധി മുതിർന്ന നേതാക്കളെ കണ്ടു. ഘടകകക്ഷി നേതാക്കളുമായും വൈകീട്ട് കൂടിക്കാഴ്ച നടത്തും. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കും. നിരീക്ഷകർ തിരികെ ദില്ലിയിൽ എത്തിയശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.

  • Share This Article
Drisya TV | Malayalam News