ലോകത്തിലാദ്യമായി കടലിനടിയില്‍ ഏറ്റവും വലിയ ദേശീയപതാക സ്ഥാപിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി. മെയ് രണ്ടിനു സ്വരാജ് ദ്വീപിലെ രാധാനഗര്‍ ബീച്ചിലാണ് ചരിത്ര നേട്ടം കൈവരിച്ചത്. ഏകദേശം 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ത്രിവര്‍ണ പതാക കടലിനടിയില്‍ സ്ഥാപിക്കാന്‍ പരിശീലനം നേടിയ ഡൈവര്‍മാരുടെ സംഘവും വിവിധ ഏജന്‍സികളും ചേര്‍ന്ന് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ദൗത്യത്തിന് സാങ്കേതിക പിന്തുണയും ഏകോപനവും ആവശ്യമായി വന്നിരുന്നു.
ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡി കെ ജോഷി, ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷണ്‍ കുമാര്‍, ഡിജിപി എച്ച് എസ് ധലിവാള്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ആന്‍ഡമാന്‍ നിക്കോബാര്‍ പോലിസ്, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, വനം വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും വിവിധ ഡൈവിംഗ് സെന്ററുകളില്‍ നിന്നുള്ള സ്‌കൂബ ഡൈവര്‍മാരും ചേര്‍ന്നാണ് ശ്രമം നടത്തിയത്. രാവിലെ 10.35നു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അഡ്ജുഡിക്കേറ്റര്‍ ഋഷി നാഥ് നേട്ടം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.
ഇതിനിടെ, ഇന്ന് സ്വരാജ് ദ്വീപിലെ ലൈറ്റ് ഹൗസ് ഡൈവ് സൈറ്റില്‍ ഏറ്റവും ഉയരമുള്ള മനുഷ്യ ഗോപുരം നിര്‍മ്മിച്ച് മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് കൂടി സ്ഥാപിക്കാന്‍ ശ്രമം പുരോഗമിക്കുകയാണ്. അഡ്വഞ്ചര്‍ ടൂറിസം, മറൈന്‍ ആക്ടിവിറ്റികള്‍ എന്നിവയുടെ പ്രധാന കേന്ദ്രമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ മാറുന്നതിന്റെ സൂചനയായി ഈ നേട്ടങ്ങള്‍ വിലയിരുത്തപ്പെടുന്നു.