Drisya TV | Malayalam News

ഇന്ത്യയും യുഎസും തമ്മിൽ വാഷിങ്ടനിൽ നടന്ന 3 ദിവസത്തെ വ്യാപാരചർച്ചകളിൽ പുരോഗതി

 Web Desk    25 Apr 2026

ഇന്ത്യയും യുഎസും തമ്മിൽ വാഷിങ്ടനിൽ നടന്ന 3 ദിവസത്തെ വ്യാപാരചർച്ചകളിൽ പുരോഗതി. വരും നാളുകളിൽ തുടർചർച്ചകൾ നടത്താനും ധാരണയായി. പത്തിലേറെ ഉദ്യോഗസ്ഥരാണ് ഏപ്രിൽ 20 മുതൽ 22 വരെ വ്യാപാരചർച്ചയ്ക്കായി യുഎസിലേക്കു പോയത്. തീരുവ ഇതര നടപടികൾ, വ്യാപാരത്തിനുള്ള സാങ്കേതികത തടസ്സങ്ങൾ, കസ്റ്റംസ്, നിക്ഷേപ പ്രോത്സാഹനം, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നതായി വാണിജ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സുപ്രധാന വിഷയങ്ങളിൽ പുരോഗതി കൈവരിക്കാൻ സാധിച്ചതായും കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ മുന്നേറ്റം നിലനിർത്താൻ തുടർന്നും ചർച്ചകൾ നടത്താൻ ഇരുപക്ഷവും സമ്മതിച്ചു.

യുഎസിലെ തീരുവ വ്യവസ്ഥകളിൽ മാറ്റം വന്നതിനാൽ, കരാറിന്റെ ചട്ടക്കൂട് ഇരുരാജ്യങ്ങളും പുനഃപരിശോധിക്കുകയാണ്.യുഎസ് സുപ്രീം കോടതി പകരംതീരുവ റദ്ദാക്കിയതോടെയാണ് വ്യാപാരചർച്ചകൾ ഏറക്കുറെ നിലച്ചത്. തീരുവയുടെ കാര്യത്തിൽ വ്യക്തത ലഭിച്ച ശേഷം മാത്രം മുന്നോട്ടുപോയാൽ മതിയെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാൽ കരാറിൽ നിന്ന് പിന്നാക്കം പോയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

  • Share This Article
Drisya TV | Malayalam News