പ്രതിനിധികൾ എത്തിയെങ്കിലും ഇറാനും യുഎസും തമ്മിൽ അടുത്ത ഘട്ട ചർച്ച നേരിട്ടുണ്ടാകില്ലെന്ന് സൂചന. സമാധാന നിർദേശങ്ങൾ പാകിസ്ഥാൻ വഴി യുഎസിനെ അറിയിക്കാനാണ് സാധ്യത. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. അമേരിക്കൻ സംഘത്തിന് നേതൃത്വം വഹിക്കുന്ന മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ് കോഫും സീനിയർ അഡ്വൈസറായ ജാരെദ് കുഷ്നറും ഇന്ന് പാകിസ്ഥാനിലെത്തും. ഇത്തവണത്തെ ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇറാന്റെ ചർച്ചാ സംഘത്തെ നയിച്ചിരുന്ന മുഹമ്മദ് ബാഗർ ഗാലിബാഫും പങ്കെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഹോർമുസും ആണവ പദ്ധതികളും അടക്കമുള്ള വിഷയങ്ങൾ ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് യുഎസ് പ്രതിനിധികൾ ഇസ്ലാമാബാദിൽ എത്തുമെന്ന് സ്ഥിരീകരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാന പ്രകാരം ഇറാൻ പ്രതിനിധികൾ ചർച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്ന് ലീവിറ്റ് വ്യക്തമാക്കി. ചർച്ചകൾക്ക് ശേഷം വിറ്റ്കോഫും കുഷ്നറും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രംപ് അടുത്ത നീക്കങ്ങൾ തീരുമാനിക്കുക. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ പാകിസ്ഥാനിലേക്ക് തിരിക്കാൻ തയ്യാറായിരിക്കണമെന്നും വൈറ്റ് ഹൗസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ധൃതിപ്പെട്ട് ഒരു കരാറിലെത്താൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. ഇറാന് മുന്നിൽ മികച്ചൊരു കരാറിനുള്ള അവസരമുണ്ടെന്നും അത് വിവേകപൂർവ്വം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ ചർച്ചകളിലൂടെ മേഖലയിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടുമോ എന്നാണ് ഇനി അറിയാനുള്ളത്.