Drisya TV | Malayalam News

ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇറാനിയൻ കമ്പനിക്കു കൈമാറുന്നു

 Web Desk    24 Apr 2026

ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇറാനിയൻ കമ്പനിക്കു കൈമാറുന്നു. ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധം ട്രംപ് ഭരണകൂടം കഴിഞ്ഞവർഷം ചബഹാർ തുറമുഖത്തിനും ബാധകമാക്കി. തുടർന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം ഉപരോധ ഇളവ് യുഎസ് നീട്ടി. ഇളവ് കാലാവധി ഞായറാഴ്ച (ഏപ്രിൽ 26) അവസാനിക്കും. ഉപരോധവും പശ്ചിമേഷ്യയിലെ യുദ്ധവും തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. കേന്ദ്രസർക്കാർ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ‍ പോർട്സ് ഗ്ലോബൽ ലിമിറ്റഡാണ് (ഐപിജിഎൽ) ചബഹാർ നിയന്ത്രിക്കുന്നത്. ചബഹാർ തുറമുഖ കമ്പനിയിൽ ഐപിജിഎല്ലിനുള്ള ഓഹരികൾ തൽകാലം ഒരു ഇറാനിയൻ കമ്പനിക്ക് കൈമാറാനാണ് പദ്ധതി. വിദേശ വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് ഏറെ നിർണായകമായ തുറമുഖമാണ് ചബഹാർ. 

രണ്ട് സാധ്യതകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഒന്ന്, ഉപരോധ ഇളവ് യുഎസ് നീട്ടണം. ഇതിനായി ഇന്ത്യ യുഎസിന് കത്തുനൽകിയെങ്കിലും പ്രതികരണമുണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇളവ് നീട്ടാനും സാധ്യത വിരളം. യുദ്ധ സാഹചര്യത്തിൽ ഇറാന് സാമ്പത്തിക നേട്ടമുണ്ടാകുന്ന നീക്കങ്ങളൊന്നും വേണ്ടെന്ന നിലപാടിലാണ് യുഎസ്.

ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഇറാനിയൻ കമ്പനിയെ ഏൽപ്പിക്കാനുള്ള ആലോചന. ഉപരോധം നീങ്ങിയാൽ നിയന്ത്രണം ഇന്ത്യയ്ക്ക് തിരിച്ചു നൽകണമെന്ന വ്യവസ്ഥയോടെയാകും കൈമാറ്റം. തുറമുഖവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കുന്ന തീരുമാനം എടുക്കുമെന്നുമാണ് കേന്ദ്രസർക്കാർ വ‍ൃത്തങ്ങൾ വിശദീകരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News