പുതിയ സ്മാർട്ട്‍ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. മുൻനിര സ്മാർട്ട്‍ഫോൺ നിർമാതാക്കളായ ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് ഈ തീരുമാനമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) സ്ഥിരീകരിച്ചു.
രാജ്യത്ത് വിൽക്കുന്ന എല്ലാ പുതിയ സ്മാർട്ട്‍ഫോണുകളിലും ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കാൻ ഈ വർഷം ആദ്യം യു.ഐ.ഡി.എ.ഐ. (UIDAI) ഐ.ടി. മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 134 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഐഡന്റിറ്റിയായ ആധാർ, ബാങ്കിങ്, ടെലികോം വെരിഫിക്കേഷൻ തുടങ്ങി വിമാനത്താവളങ്ങളിലെ പ്രവേശനം വരെ വേഗത്തിലാക്കാൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ നിർദേശം പരിശോധിച്ചശേഷം സ്മാർട്ട്‍ഫോണുകളിൽ ആപ്പ് നിർബന്ധമാക്കേണ്ടതില്ലെന്ന് ഐ.ടി. മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യത, ഉപകരണങ്ങളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ആപ്പിളും സാംസങ്ങും ഈ നീക്കത്തെ പ്രധാനമായും എതിർത്തത്. ഇതിനുപുറമെ, കയറ്റുമതി ചെയ്യുന്ന ഫോണുകളിൽനിന്നു വ്യത്യസ്തമായി ഇന്ത്യയ്ക്കുവേണ്ടി മാത്രം പ്രത്യേക ഫോണുകൾ നിർമിക്കുന്നത് തങ്ങളുടെ നിർമാണച്ചെലവ് വർധിപ്പിക്കുമെന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നു. ഇലക്ട്രോണിക്സ്, സ്മാർട്ട്‍ഫോൺ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ കൂടിയാലോചനകൾക്കു ശേഷമാണ് മന്ത്രാലയം ഈ തീരുമാനത്തിൽ എത്തിയത്.