Drisya TV | Malayalam News

ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

 Web Desk    19 Apr 2026

തൃശ്ശൂർ കോടാലിക്ക് സമീപം കടമ്പോട്  ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ അൻജോ ഗുരുതരാവസ്ഥയിൽ കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്.

മൂത്തമകൻ അൻജോ (10) പുലർച്ചെ 5.30 ഓടെ അമ്മയെ വിളിച്ചുണർത്തിയപ്പോഴാണ് കുട്ടികളെ അവശനിലയിൽ കണ്ടത്. ഉടനെ ബൈക്കിൽ രണ്ട് കുട്ടികളുമായി സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തി. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ആൽജോ മരിച്ചിരുന്നു.

പുലർച്ചെ രണ്ടുമണിയോടെ വയറുവേദനയെന്ന് പറഞ്ഞ് രണ്ട് കുട്ടികളും ഉണർന്നിരുന്നു. തുടർന്ന് ചൂടുവെള്ളം തിളപ്പിച്ച് കൊടുത്തു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. അതിനാൽ ഭക്ഷ്യവിഷബാധ എന്നാണ് വീട്ടുകാർ കരുതിയത്.

ആശുപത്രി അധികൃതർ പാമ്പുകടിച്ചോ എന്നന്വേഷിച്ചതിനെത്തുടർന്ന് തിരിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽനിന്ന് പുറത്തേയ്ക്ക് വന്ന പാമ്പിനെ കണ്ടത്. കടമ്പോട് എ.എൽ.പി.എസിലെ രണ്ടാംക്ലാസ്സ് വിദ്യാർഥിയാണ് ആൽജോ. കുട്ടിയുടെ ചുണ്ടിൽ കടിച്ചതെന്ന് സംശയിക്കുന്ന പാമ്പിനെ കണ്ടെത്തി.

  • Share This Article
Drisya TV | Malayalam News