Drisya TV | Malayalam News

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചു

 Web Desk    17 Apr 2026

ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വലിയ പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിർത്തിയിൽ ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് അറുതി വരുത്തിക്കൊണ്ട് ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായതായാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ മികച്ച സംഭാഷണങ്ങൾക്കൊടുവിലാണ് ഈ ചരിത്രപരമായ നേട്ടം കൈവരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ലോകമെമ്പാടുമുള്ള ഒൻപത് യുദ്ധങ്ങൾ പരിഹരിക്കാൻ തനിക്ക് സാധിച്ചുവെന്നും ഇത് തന്റെ പത്താമത്തെ ദൗത്യമാണെന്നും അദ്ദേഹം കുറിച്ചു. ഇസ്രായേലും ലെബനനും തമ്മിൽ സമാധാന പ്രക്രിയയിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ 34 വർഷത്തിനിടയിൽ ആദ്യമായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തിയതായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇതിന് സാക്ഷ്യം വഹിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കൂടുതൽ സുസ്ഥിരമായ ഒരു സമാധാന കരാറിലെത്താൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഇസ്രായേൽ പ്രധാനമന്ത്രിയെയും ലെബനൻ പ്രസിഡന്റിനെയും വൈറ്റ് ഹൗസിലേക്ക് അദ്ദേഹം നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. 1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും അർത്ഥവത്തായ ചർച്ചയാകും ഇതെന്ന് ട്രംപ് അവകാശപ്പെടുന്നു. അതേസമയം, വെടിനിർത്തൽ സംബന്ധിച്ച കാര്യങ്ങൾ ഇറാാൻ അംബാസഡർ വഴി ഹിസ്ബുള്ളയെയും അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ എല്ലാവിധ ആക്രമണങ്ങളും അവസാനിപ്പിക്കുകയാണെങ്കിൽ മാത്രമേ തങ്ങൾ ഈ കരാറുമായി സഹകരിക്കൂ എന്നാണ് ഹിസ്ബുള്ളയുടെ നിലപാട്.

  • Share This Article
Drisya TV | Malayalam News