പശ്ചിമേഷ്യൻ സംഘർഷം നടക്കുന്ന സാഹചര്യത്തിലും രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം. ഇരുപതിനായിരത്തി നാനൂറ് മെട്രിക് ടൺ എൽ.പി.ജി വഹിച്ചുള്ള ജഗ് വിക്രം കപ്പൽ ഇന്ന് ഇന്ത്യയിലെത്തും. ഗുജറാത്തിലെ കാണ്ഡല തുറമുഖത്താണ് കപ്പൽ നങ്കൂരമിടുക. 24 നാവികരാണ് കപ്പലിലുള്ളത്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം 70 ശതമാനമാക്കി പുനഃസ്ഥാപിച്ചതായി കേന്ദ്രം അറിയിച്ചു. ഇന്ധനം വഹിച്ചുള്ള 15 കപ്പലുകൾ കൂടി ഹോർമുസ് കടക്കാനുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകളും കേന്ദ്രസർക്കാർ ശക്തമാക്കി. കുവൈത്ത്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിയുമാരുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ സംസാരിച്ചു.
സംഘർഷം കനക്കുന്നതിനിടെ, എൽ.പി.ജി വിതരണം പ്രതിസന്ധയിലായിരുന്നു. മുമ്പ് ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ ഇന്ത്യക്ക് ഉറപ്പുമായി ഇറാൻ രംഗത്തുവന്നിരുന്നു. തങ്ങളുടെ സുഹൃദ്‌രാജ്യമായ ഇന്ത്യക്ക് ആശങ്ക വേണ്ടെന്നും ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമാണെന്നും ഇന്ത്യയിലെ ഇറാൻ എം.ബസി അറിയിച്ചിരുന്നു. വ്യാഴാഴ്ച എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ലോകത്തെ ഊർജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് നിലവിൽ ഇറാന്റെ പൂർണ നിയന്ത്രണത്തിലാണ്. ഫെബ്രുവരി 28ന് നടന്ന ആക്രമണങ്ങൾക്കുപിന്നാലെ ഇറാൻ മേഖലയിൽ കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാകിസ്താൻ തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ശേഷം വീണ്ടും ഇറാൻ സമൂഹമാധ്യമത്തിൽ സമാധാന സന്ദേശവുമായി എത്തിയത്. 'ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ ഇവിടെ സുരക്ഷിതരാണ്, ആശങ്കപ്പെടേണ്ട' എന്നാണ് ഇന്ത്യയിലെ ഇറാൻ എംബസി പങ്കുവെച്ചത്.