Drisya TV | Malayalam News

ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 Web Desk    11 Apr 2026

കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം പുറത്ത്. പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. മുകളിൽ നിന്ന് താഴേക്ക് വീഴുന്ന സമയത്ത് പാറകളിലും മരങ്ങളിലും ചെടികളിലും തട്ടിയാണ് ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതൊരു സാധാരണ രീതിയിലുള്ള അപകടമരണമാണെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

കഴിഞ്ഞ ദിവസം മാണിക്യധാര വെള്ളച്ചാട്ടത്തിന് താഴെ 1500 അടി താഴ്ചയിൽ മരത്തിൽ കാല് കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്. വളരെ ചെങ്കുത്തായതും ദുർഘടവുമായ ഭൂപ്രകൃതിയായതിനാൽ ആദ്യഘട്ടത്തിൽ മൃതദേഹം കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു.മരണത്തിൽ നേരത്തെ ചില ദുരൂഹതകൾ കുടുംബം ആരോപിച്ചിരുന്നുവെങ്കിലും, നിലവിലെ അന്വേഷണത്തിലും ശാസ്ത്രീയമായ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും അവർ പൂർണ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News