ആന്ത്രോപിക്കിന്റെ എഐ മോഡൽ ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ അധികൃതർക്ക് രാജ്യത്തെ പ്രധാന ബാങ്ക് മേധാവികളുടെ യോഗം വിളിക്കേണ്ടിവന്നുവെന്ന് വെളിപ്പെടുത്തൽ. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് വാഷിംഗ്ടണിൽ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ക്ലോഡ് മിത്തോസ് എഐ മോഡൽ മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള സൈബർ സുരക്ഷാ ഭീഷണി ഉയർത്തിയേക്കുമെന്ന ആശങ്ക പരന്നിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര യോഗം ചേർന്നത്. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വിവരം.
പ്രധാന ബാങ്കുകളുടെ പ്രവർത്തനത്തിൽ ഏതെങ്കിലും തരത്തിലുള്ള തടസമുണ്ടായാൽ സാമ്പത്തിക സ്ഥിരതയെ അത് അപകടത്തിലാക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു അടിയന്തര യോഗം. സൈബർ സുരക്ഷ ബാങ്കുകൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നായി തുടരുന്നുവെന്നും എഐ സാഹചര്യം കൂടുതൽ വഷളാക്കുമെന്നും ബാങ്ക് മേധാവികൾ വിലയിരുത്തുന്നുണ്ട്. ആശങ്കകൾ കണക്കിലെടുത്ത് ക്ലോഡ് മിത്തോസ് തത്കാലം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതില്ലെന്നാണ് ആന്ത്രോപിക്കിന്റെ തീരുമാനം. ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ചുരുക്കം ചില കമ്പനികൾക്ക് മാത്രമാകും മിത്തോസ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക.
ഇത്തരം ടൂളുകൾ പാസ്‌വേഡുകൾ കണ്ടെത്താനോ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ ഉദ്ദേശിച്ചുള്ള എൻക്രിപ്ഷൻ തകർക്കാനോ ഹാക്കർമാർ ഉപയോഗിക്കുമെന്ന ആശങ്കകൾ ശക്തമാണ്. യുഎസ് സർക്കാർ ആന്ത്രോപിക്കിനെ സപ്ലൈ ചെയിൻ റിസ്‌ക് ആയി മുദ്രകുത്തിയതിന് പിന്നാലെയാണ് ഈ യോഗം വിളിച്ചുചേർക്കേണ്ടിവന്നത് എന്നതും ശ്രദ്ധേയമാണ്. ഈ നീക്കത്തിനെതിരെ ആന്ത്രോപിക് കോടതിയിൽ പോരാട്ടം തുടരുകയാണ്. ഫെഡറൽ റിസർവ്, ആന്ത്രോപിക്, യുഎസ് ബാങ്കുകൾ എന്നിവ അടിയന്തര യോഗം ചേർന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സ്ഥിരീകരിക്കാൻ തയ്യാറായില്ല.
അതിനിടെ, തങ്ങളുടെ ക്ലോഡ് കോവർക്ക് എഐ ടൂൾ എല്ലാവർക്കും ലഭ്യമാണെന്ന് ആന്ത്രോപിക് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വയംഭരണാധികാരമുള്ള ഈ ടൂൾ ജനുവരി 12-ന് റിസർച്ച് പ്രിവ്യൂ ആയി ആദ്യമെത്തിയിരുന്നു. അന്നു മുതൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇത് ഉപയോഗിച്ചതായും, ഓരോ ആഴ്ചയും ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇത് പരീക്ഷിക്കുന്നതായും കമ്പനി പറയുന്നു. ഓഹരി വിപണി വിശകലനം ചെയ്യുക, നിയമ വിഷയങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയ വിവിധ ഓഫീസ് ജോലികളിൽ സഹായിക്കാൻ ക്ലോഡ് കോവർക്കിന് കഴിയും. ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലെ ഫയലുകളിലേക്കും ഫോൾഡറുകളിലേക്കും പ്രവേശനം നൽകുകയും ടാസ്‌ക് നിർവചിക്കുകയും ചെയ്താൽ മാത്രംമതി ക്ലോഡ് ജോലി പൂർത്തിയാക്കും.