Drisya TV | Malayalam News

സി.ബി.എസ്.ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ നിർബന്ധമാക്കുന്ന പരിഷ്കാരം നടപ്പിലാക്കാൻ സ്കൂളുകൾക്ക് ഏഴ് ദിവസത്തെ കർശന സമയപരിധി അനുവദിച്ച് ബോർഡ്

 Web Desk    11 Apr 2026

സി.ബി.എസ്.ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ നിർബന്ധമാക്കുന്ന പരിഷ്കാരം നടപ്പിലാക്കാൻ സ്കൂളുകൾക്ക് ഏഴ് ദിവസത്തെ കർശന സമയപരിധി അനുവദിച്ച് ബോർഡ്. 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഭാഷാ നയത്തിന്റെ ഭാഗമായാണ് നടപടി. ഇതുവരെ മാറ്റങ്ങൾ നടപ്പിലാക്കി തുടങ്ങാത്ത സ്കൂളുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം റീജിയണൽ ഓഫീസുകളെ അറിയിക്കണമെന്നും പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

മൂന്നാം ഭാഷാ പഠനത്തിനായുള്ള ഔദ്യോഗിക പാഠപുസ്തകങ്ങൾ ബോർഡ് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. എങ്കിലും പാഠപുസ്തകങ്ങൾക്കായി കാത്തുനിൽക്കാതെ പ്രാദേശികമായി ലഭ്യമായ പുസ്തകങ്ങളോ മറ്റ് പഠനസാമഗ്രികളോ ഉപയോഗിച്ച് ക്ലാസുകൾ ഉടൻ ആരംഭിക്കാനാണ് നിർദ്ദേശം. ഏത് ഭാഷയാണ് സ്കൂളുകൾ തിരഞ്ഞെടുക്കുന്നതെന്ന് നിശ്ചിത സമയത്തിനകം ഒയാസിസ് പോർട്ടൽ വഴി അപ്ഡേറ്റ് ചെയ്യണം. ആറാം ക്ലാസിൽ തിരഞ്ഞെടുക്കുന്ന ഈ ഭാഷ തന്നെയാകും പിന്നീട് ഒൻപത്, പത്ത് ക്ലാസുകളിൽ വിദ്യാർഥികൾ പഠിക്കേണ്ടി വരിക.

പുതിയ രീതി പ്രകാരം പത്താം ക്ലാസ് വരെ വിദ്യാർഥികൾ മൂന്ന് ഭാഷകൾ പഠിക്കണം. ഒന്നാം ഭാഷ അഡ്വാൻസ്ഡ് ലെവലിലും രണ്ടാം ഭാഷ ഇന്റർമീഡിയറ്റ് തലത്തിലും മൂന്നാം ഭാഷ അടിസ്ഥാന തലത്തിലുമായിരിക്കും ക്രമീകരിച്ചിരിക്കുന്നത്. 2026-27 വർഷം ഒൻപതാം ക്ലാസിലെത്തുന്ന വിദ്യാർഥികൾക്കും ഈ മാറ്റം ബാധകമാകും. മൈഥിലി, സന്താളി, ഡോഗ്രി, കൊങ്കണി തുടങ്ങിയ പ്രാദേശിക ഭാഷകളും ഇത്തവണ മുതൽ തിരഞ്ഞെടുക്കാവുന്നവയുടെ പട്ടികയിലുണ്ട്. നിലവിലെ ഭാഷാ നയം പ്രകാരമുള്ള അവസാന പരീക്ഷ 2027ൽ നടക്കും. പുതിയ രീതിയിലുള്ള ആദ്യ പത്താം ക്ലാസ് ബോർഡ് പരീക്ഷ 2031ലായിരിക്കും നടക്കുകയെന്നും സി.ബി.എസ്.ഇ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News