ദേശീയ തലസ്‌ഥാന മേഖല (എൻസിആർ)യിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. നോയിഡ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ ഡൽഹിയിൽ നിന്നുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകും.
വികസനത്തിൻ്റെ പുതിയ അധ്യായത്തിന് ഉത്തർപ്രദേശിൽ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജനങ്ങൾക്കും രാജ്യത്തിനു മൊത്തത്തിലും പദ്ധതിയുടെ ഗുണം ലഭിക്കും.പശ്ചിമേഷ്യൻ സംഘർഷം കാരണം ഭക്ഷണം, ഗ്യാസ്, ഇന്ധനം എന്നിവയ്ക്ക് ബുദ്ധിമുട്ടു നേരിടുന്നുണ്ട്. പ്രതിസന്ധിക്കെതിരെ ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പോരാടുകയാണ്. സാധാരണക്കാരെയും ജനങ്ങളെയും ബുദ്ധിമുട്ട് ബാധിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ടിക്കറ്റ് നിരക്കിൽ ഡൽഹി വിമാനത്താവളത്തെ അപേക്ഷിച്ച് നോയിഡയിൽ 10- 15% വരെ കുറവുണ്ടാവുമെന്നാണു കരുതപ്പെടുന്നത്. സ്വിസ് കമ്പനിയായ സൂറിക് എയർപോർട്ട് ഇന്റർനാഷനൽ എജിയുടെ ഉപകമ്പനിയായ യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണു വിമാനത്താവളം നിർമിച്ചത്. 2021 നവംബർ 26നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നോയിഡ വിമാനത്താവളത്തിനു തറക്കല്ലിട്ടത്.