രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായ മേഖല പൂർണമായി സ്തംഭിക്കുന്ന സ്‌ഥിതിയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ. 20% ഹോട്ടലുകൾ പൂട്ടിയതായും 60,000 അംഗങ്ങളുള്ള അസോസിയേഷന്റെ പ്രസിഡന്റും പെരുമ്പാവൂരിലെ 'ഇന്ദ്രപ്രസ്ഥ' ഹോട്ടലിന്റെ ഉടമയുമായ ജി.ജയപാൽ പറഞ്ഞു.അദ്ദേഹത്തിന്റെ ഹോട്ടലും രണ്ടു ദിവസമായി പ്രവർത്തിക്കുന്നില്ല.
പലയിടത്തും ഹോട്ടലുകൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. എൽപിജി സിലിണ്ടർ ഇല്ലാതെ ഹോട്ടലുകൾ പ്രവർത്തിക്കുക പ്രയാസമാണ്. പലയിടത്തും വിഭവങ്ങൾ കുറച്ചു. ഹോട്ടൽ അടച്ചിട്ടാലും തൊഴിലാളികളെ നിലനിർത്തുക വെല്ലുവിളിയാണ്. ഹോട്ടൽ മേഖലയിൽ ശുചീകരണ തൊഴിലാളികളെ ലഭിക്കാനാണു പ്രയാസം. ഉള്ളവരിൽ ഭൂരിഭാഗവും ബംഗാൾ, അസം, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തിരഞ്ഞെടുപ്പിന്റെ പേരിൽ ഇവരിൽ വലിയ വിഭാഗം നാട്ടിലേക്കു മടങ്ങി. ബാക്കിയുള്ളവരെ ഈ സാഹചര്യത്തിലും പിടിച്ചു നിർത്തണം. വരുമാനം ഇല്ലെങ്കിലും തൊഴിലാളികൾക്കു ശമ്പളവും ഭക്ഷണവും നൽകി നിർത്തേണ്ടി വരും ഉടമകൾക്ക്.
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിറക് അടുപ്പ് ഹോട്ടലുകളിൽ അനുവദനീയമല്ല. പാചകത്തിനായി പുതിയ സാങ്കേതികവിദ്യയിലുള്ള വിറക് അടുപ്പ്, വൈദ്യുതി പാചക ഉപകരണങ്ങൾ തുടങ്ങിയ ബദൽ മാർഗങ്ങൾ തേടണമെന്ന് അസോസിയേഷൻ അംഗങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.