Drisya TV | Malayalam News

യുഎസ് യുദ്ധകാര്യ വകുപ്പിനുവേണ്ടി പുതിയ എഐ ടൂൾ പ്രഖ്യാപിച്ച് ഗൂഗിൾ

 Web Desk    12 Mar 2026

യുഎസ് യുദ്ധകാര്യ വകുപ്പിനുവേണ്ടി പുതിയ നിർമിതബുദ്ധി (എഐ) ടൂൾ പ്രഖ്യാപിച്ച് ഗൂഗിൾ. എഐ കമ്പനിയായ ആന്ത്രോപിക് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തതിന് തൊട്ടടുത്ത ദിവസാണിത്. ഈ നീക്കം പെന്റഗണിന്റെ നിർമിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങളിൽ ഗൂഗിളിന്റെ സാന്നിധ്യം ശക്തമാക്കും. സൈനിക ഉദ്യോഗസ്ഥർക്കടക്കം ആവശ്യാനുസരണം എഐ ഏജന്റുകൾ നിർമ്മിക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ് ഗൂഗിളിന്റെ പുതിയ ടൂൾ എന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ജെമിനി എഐ മോഡലുകൾ പെന്റഗണിന്റെ എന്റർപ്രൈസ് എഐ പോർട്ടലായ GenAI.mil- ശക്തിപ്പെടുത്തുമെന്ന് കമ്പനി പറയുന്നു. 30 ലക്ഷത്തിലധികം ജീവനക്കാരുള്ള യുദ്ധകാര്യ വകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ജോലികൾക്കായി ഡിജിറ്റൽ സഹായികളെ സൃഷ്ടിക്കാൻ അനുവദിക്കുന്നതാണ് ടൂൾ. ഏജന്റ് ഡിസൈനർ എന്ന ടൂൾ ഉപയോഗിച്ച് മീറ്റിങ് നോട്ടുകൾ തയ്യാറാക്കുക, പദ്ധതികളെ ഘട്ടം ഘട്ടമായി വിഭജിക്കുക തുടങ്ങിയ ജോലികൾക്കായി നിർമിത ബുദ്ധി ഏജന്റുകൾ നിർമിക്കാൻ ജീവനക്കാർക്ക് കഴിയും. ഗൂഗിളിന്റെ ഏജന്റുകൾ ആദ്യം രഹസ്യ സ്വഭാവമില്ലാത്ത നെറ്റ്വർക്കുകളിൽ പ്രവർത്തിക്കും.

എന്നിരുന്നാലും ടോപ്പ്-സീക്രട്ട് സിസ്റ്റങ്ങളിലേക്കും അവയുടെ ഉപയോഗം വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെന്റഗൺ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് ആന്ത്രോപിക് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് കൊടുത്തത്. തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ പ്രഖ്യാപനം.

  • Share This Article
Drisya TV | Malayalam News