Drisya TV | Malayalam News

പതിമൂന്നു വർഷമായി കോമയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി

 Web Desk    11 Mar 2026

പതിമൂന്നു വർഷമായി അബോധാവസ്ഥ(കോമ)യിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി. 2013 മുതൽ വെന്റിലേറ്റർവഴി ജീവൻ നിലനിർത്തുന്ന യുവാവിന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ഹരീഷ് റാണെയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.

2013-ൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹരീഷിന്റെ ജീവൻ, ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇതുവരെ നിലനിർത്തിയിരുന്നത്. മകന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ച കോടതി, അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് നിരീക്ഷിച്ചു. ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ ജീവവായുവും ഭക്ഷണവും നൽകുന്ന കുഴലുകൾ നീക്കംചെയ്യാൻ ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ദയാവധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് കൃത്യമായ ഒരു നിയമം നിർമിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. സ്നേഹവും വേദനയും നിറഞ്ഞ ഈ സാഹചര്യത്തിൽ, രോഗിക്ക് വേദനയില്ലാത്ത മരണം ഉറപ്പാക്കാൻ പാലിയേറ്റീവ് കെയർ സൗകര്യം ഒരുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്.

2013 ഓഗസ്റ്റ് 20-ന് രാഖി ദിനത്തിലാണ് ഹരീഷിന് അപകടമുണ്ടായത്. ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു.ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിയാതായി.

ഹരീഷ് റാണെയുടെ കേസ് 2024 ജൂലൈയിലാണ് ഡൽഹി ഹൈക്കോടതിക്കു മുമ്പാകെ എത്തിയത്. എന്നാൽ, ഹരീഷിന് 'ബാഹ്യസഹായമില്ലാതെ സ്വയം നിലനിൽക്കാൻ കഴിയു'മെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി മാതാപിതാക്കളുടെ അപേക്ഷ തള്ളി. ഹരീഷ് ശ്വാസമെടുക്കാൻ ട്രക്കിയോസ്റ്റമി ട്യൂബിനെയും പോഷകാഹാരത്തിനായി ഗാസ്ട്രോസ്റ്റമി ട്യൂബിനെയും ആശ്രയിച്ചിരുന്നു. മെക്കാനിക്കൽ വെന്റിലേറ്റർ മുഖേന ജീവൻ നിലനിർത്തുന്നില്ലെന്നത് അടിസ്ഥാനമാക്കിയായിരുന്നു വിധി.

ഒരു വർഷത്തിന് ശേഷം ഹരീഷിന്റെ മാതാപിതാക്കൾ സുപ്രീം കോടതിയിൽ വീണ്ടുമെത്തി. മകന്റെ അവസ്ഥ വഷളായെന്നും യാതൊരു പ്രത്യാശയില്ലെന്നും കൃത്രിമമായി ജീവൻ നിലനിർത്തുന്നുവെന്നും അവർ വാദിച്ചു. 2023-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിദഗ്ദ്ധ അഭിപ്രായത്തിനായി പ്രാഥമിക, ദ്വിതീയ മെഡിക്കൽ ബോർഡുകൾ രൂപീകരിക്കാൻ ഉത്തരവിട്ടു.

ഹരീഷ് സുഖം പ്രാപിക്കാൻ വളരെ ചെറിയ സാധ്യതയുണ്ടെന്നും അദ്ദേഹം ദയനീയ അവസ്ഥയിലാണെന്നും പ്രാഥമിക മെഡിക്കൽ ബോർഡ് നിഗമനം നടത്തി. അതേസമയം, രണ്ടാമത്തെ റിപ്പോർട്ടിൽ നേരെതിരിച്ചായിരുന്നു വിശദീകരണം. 'ഇതൊരു വളരെ സങ്കടകരമായ റിപ്പോർട്ടാണ്. ഞങ്ങൾക്ക് ഈ കുട്ടിയെ ഈ അവസ്ഥയിൽ നിലനിർത്താനാവില്ല.' ജസ്റ്റിസ് ജെ ബി പാർദിവാല ഹിയറിങ്ങിനിടെ പറഞ്ഞിരുന്നു.

  • Share This Article
Drisya TV | Malayalam News