Drisya TV | Malayalam News

പാചകവാതക ഉപഭോഗം കുറയ്ക്കുന്നതിനായി മെനുവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് നിർദേശങ്ങളുമായി നാഷനൽ റസ്റ്ററന്റ് അതോറിറ്റി ഓഫ് ഇന്ത്യ 

 Web Desk    11 Mar 2026

രാജ്യത്ത് പാചകവാതക പ്രതിസന്ധിയിൽ ഭക്ഷണശാലകൾക്ക് നിർദേശങ്ങളുമായി നാഷനൽ റസ്റ്ററന്റ് അതോറിറ്റി ഓഫ് ഇന്ത്യ. പാചകവാതക ഉപഭോഗം കുറയ്ക്കുന്നതിനായി മെനുവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കുറഞ്ഞ സമയം കൊണ്ട് തയാറാക്കാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകണമെന്നുമാണ് നിർദേശം.

ഗ്യാസിന് പകരമായി ഇലക്ട്രിക് ഇൻഡക്ഷൻ കുക്കറുകളുടെയും മറ്റ് വൈദ്യുതി ഉപകരണങ്ങളുടെയും ഉപയോഗം വർധിപ്പിക്കാനും പാചക രീതികളിൽ മാറ്റം വരുത്താനും അതോറിറ്റി നിർദേശം നൽകി. നിലവിലെ പ്രതിസന്ധി മൂലം വിഭവങ്ങളുടെ ലഭ്യതയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്തണമെന്നും എന്‍ആര്‍എഐ വ്യക്തമാക്കി.അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക വിതരണം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്തെ ഹോട്ടൽ മേഖല പൂർണ്ണമായും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.

രാജ്യത്തെ എൽ.പി.ജി ഉത്പാദനം പൂർണ്ണമായും ഗാർഹിക ഉപഭോക്താക്കൾക്കായി മാറ്റിവെക്കാനാണ് നിർദ്ദേശം. ഉത്തരവ് നടപ്പിലാകുന്നതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിലയ്ക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് പുറമേ ആശുപത്രി കന്റീനുകൾ, സ്കൂളുകൾ, അനാഥാലയങ്ങൾ, പോലീസ് സേന എന്നിവർക്ക് മാത്രമാണ് ഇനി മുൻഗണനാ അടിസ്ഥാനത്തിൽ സിലിണ്ടറുകൾ ലഭിക്കുക.

വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടലുകളുടെ പ്രവർത്തനം അവതാളത്തിലായി. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് കഴിഞ്ഞ മൂന്ന് ദിവസമായി പുതിയ ലോഡുകൾ എത്തിയിട്ടില്ല.

  • Share This Article
Drisya TV | Malayalam News