Drisya TV | Malayalam News

പ്രമുഖ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപകചെയർമാനുമായ കെ. എൻ.പണിക്കർ അന്തരിച്ചു

 Web Desk    9 Mar 2026

പ്രമുഖ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപകചെയർമാനുമായ കെ. എൻ.പണിക്കർ (89)അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്. യു.ടി. ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്ര രചനയിൽ മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർ ഇന്ത്യയിലെ പ്രമുഖ ചരിത്രകാരൻമാരിൽ ഒരാളായിരുന്നു.

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936-ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്‌കൂൾ, പാലക്കാട് ഗവ. വിക്ടോറിയകോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഡൽഹി ജാവഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്‌സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.

പല വിദേശ സർവകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായിരുന്നു. നിലവിൽ കേരള ഹയർ എജ്യുക്കേഷൻ കൗൺസിലിൻ്റെ ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.

ചരിത്രത്തെ മാർക്‌സിസ്റ്റ് കാഴ്‌ചപ്പാടിൽ സമീപിച്ച കെ.എൻ. പണിക്കർ, മതേതരത്വത്തിനുവേണ്ടി നിലകൊള്ളുകയും ഇന്ത്യൻ ചരിത്രരചനയിൽ ശാസ്ത്രീയവും പുരോഗമനപരവുമായ കാഴ്‌ചപ്പാടുകൾ ഉറപ്പിച്ചുനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ ഗവേഷണമേഖല. ഇന്ത്യൻ കൊളോണിയലിസത്തിന്റെയും ആധുനികതയുടെയും ചരിത്രത്തെ ആഴത്തിൽ വിശകലനംചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങൾ.

കൾച്ചർ ആൻഡ് കോൺഷ്യസ്‌സ് ഇൻ മോഡേൺ ഇന്ത്യ, എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്റ്റേറ്റ്സ്, ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, ഇന്റെറോഗേറ്റിങ് കൊളോണിയൽ മോഡേണിറ്റി, കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ, ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, കൾച്ചർ ഐഡിയോളജി ആൻഡ് ഹെഗിമണി, കമ്മ്യൂണൽ ത്രെട്ട് സെക്കുലർ ചലഞ്ച്, കണ്ടമ്പററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്സ് മുതലായ ഗ്രന്ഥങ്ങൾ കൂടാതെ നിരവധി പുസ്‌തകങ്ങൾ എഡിറ്റ് ചെയ്തിട്ടുമുണ്ട്. 2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു.

  • Share This Article
Drisya TV | Malayalam News