Drisya TV | Malayalam News

സംസ്ഥാന സർക്കാരിന്‍റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ കെഫൈയിൽനിന്നു കെ ഫോൺ പുറത്ത്

 Web Desk    7 Mar 2026

സംസ്ഥാന സർക്കാരിന്‍റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ 'കെഫൈ'യിൽനിന്നു കെ ഫോൺ പുറത്ത്. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകൾ പരിപാലിക്കാനും 2,000 പുതിയ ഹോട്സ്പോട്ടുകൾ ആരംഭിക്കാനുമുള്ള ചുമതല കെ ഫോണിനു നൽകാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറി. 2,023 ഹോട്സ്പോട്ടുകളുടെ കരാർ 5 വർഷത്തേക്ക് 41.97 കോടി രൂപയ്ക്കു ബിഎസ്എൻഎലിനു നൽകി.

2,000 ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നതിന് ഓപ്പൺ ടെൻഡർ വിളിക്കാനും തീരുമാനിച്ചു. സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കെ ഫോണിനെ സർക്കാർ തന്നെ വിശ്വസിക്കുന്നില്ലെന്നതിനു തെളിവാണ് ഈ നീക്കം.

ആരംഭിക്കാനിരിക്കുന്നത് ഉൾപ്പെടെ 4,023 ഹോട്സ്പോട്ടുകൾക്കായി 133 കോടി രൂപയുടെ പദ്ധതി നിർദേശം കെ ഫോൺ 2 വർഷം മുൻപു തന്നെ ഐടി മിഷനു സമർപ്പിച്ചിരുന്നു. ഐടി മിഷൻ നൽകിയ ശുപാർശ സർക്കാർ തത്വത്തിൽ അംഗീകരിച്ചെങ്കിലും നടപ്പാക്കാൻ നടപടിയെടുത്തില്ല. 2018ൽ പബ്ലിക് വൈഫൈയുടെ സിസ്‌റ്റം ഇന്റഗ്രേറ്ററായി 5 വർഷത്തേക്കു ചുമതലപ്പെടുത്തിയിരുന്ന ബിഎസ്എൻഎലിന്റെ കാലാവധി 2023ൽ അവസാനിച്ചശേഷം 6 മാസം വീതം ഇവർക്കു നാലുവട്ടം നീട്ടി നൽകി.

കെ ഫോണിനെ ഏൽപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതു വരെ നീട്ടുന്നുവെന്നായിരുന്നു അന്നു വിശദീകരിച്ചിരുന്നത്. ബിഎസ്എൻഎലിനെക്കാൾ നിരക്കു കൂടുതലാണെങ്കിലും അവർ 10 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് നൽകുമ്പോൾ, 100 എംബിപിഎസ് നൽകാമെന്നായിരുന്നു കെ ഫോണിന്റെ വാഗ്ദാനം.

  • Share This Article
Drisya TV | Malayalam News