Drisya TV | Malayalam News

ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂർ ദേവസ്വംബോർഡ്

 Web Desk    2 Mar 2026

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുൻപെടുത്ത നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വംബോർഡ്. യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.

മാർച്ച് 15-ന് അകം ബന്ധപ്പെട്ട കക്ഷികളോടെല്ലാം വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വംബോർഡ് യോഗംചേർന്നത്. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചാൽ മതിയെന്ന് ഇന്ന് ചേർന്ന ദേവസ്വംബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു. 2018-ലെ യുവതീപ്രവേശന വിധിയെ തിരുവിതാംകൂർ ദേവസ്വംബോർഡ് പിന്തുണയ്ക്കില്ല. ഈ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും.

യുവതി പ്രവേശന വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു 2020-ൽ സുപ്രീം കോടതി വിധി പുനഃപരിശോധിക്കാനുള്ള ഹർജി പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ സ്വീകരിച്ച നിലപാട്. അതിനെ സാധൂകരിക്കുന്ന വാദങ്ങളും നിരത്തിയിരുന്നു. എന്നാൽ, അതിൽനിന്ന് മലക്കംമറിയുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഫലത്തിൽ, വിധി പുനഃപരിശോധിക്കണം എന്നതിലേക്കാണ് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട് നീങ്ങുന്നത്.

  • Share This Article
Drisya TV | Malayalam News