മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. ഉടുമ്പൻചോലയിൽ മണിയുടെ പേരാണ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിനു നൽകിയ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റ് പട്ടിക തിരുത്തുകയായിരുന്നു. മണിയ്ക്ക് പകരം കെ.കെ. ജയചന്ദ്രനാകും ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്ഥാനാർഥി. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിക്കും.
എം.എം.മണിക്ക് മണ്ഡലത്തിൽ മൂന്നാം തവണയും സീറ്റ് നൽകാനായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. മണിക്ക് ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലാ നേതൃത്വം. തദ്ദേശതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉടുമ്പന്‍ചോലയിലടക്കം സിപിഎമ്മിന് നേരിട്ടിരുന്നു. ഇതടക്കം മായ്ക്കാന്‍ മണി തന്നെ ഇറങ്ങണമെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. മണിയുടെ സ്വീകാര്യത സമീപത്തെ മറ്റ് മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്ന വിലയിരുത്തലും ജില്ലാ നേതൃത്വത്തിന് ഉണ്ടായിരുന്നു.