Drisya TV | Malayalam News

തിരുവനന്തപുരത്ത് മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി

 Web Desk    18 Feb 2026

തിരുവനന്തപുരത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേര്‍ കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിൽ നിന്ന് പാകം ചെയ്ത് കഴിച്ചവരാണ് ചികിത്സ തേടിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ അല്ല ഇന്ന് ചികിത്സ തേടിയത്.തിരുവനന്തപുരം പാളയത്ത് നിന്നും കോവളത്തുനിന്നും ഇന്ന് മീനുകളുടെ സാമ്പിളുകളെടുത്തു.സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി എറണാകുളം സിഐഎഫ്ടിയിലേക്ക് അയക്കും.

വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയും മരിച്ച സംഭവത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്‍റെ നടപടി. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം പുറത്തുവരുന്നതോടെ ഭക്ഷ്യവിഷബാധയാണോ എന്നതിൽ പ്രാഥമികമായ വ്യക്തത വരും. മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്.

മരിച്ചവർ ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച രണ്ട് തിരുവനന്തപുരം സ്വദേശികൾ കൂടി ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവർക്ക് സാരമായ ആരോഗ്യപ്രശ്നങ്ങളില്ല എന്നത് ആശ്വാസകരമാണ്.ഹോട്ടലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News