Drisya TV | Malayalam News

നഞ്ചക്കും വാളുമായി ചൈനീസ് റോബോട്ടുകളുടെ കുങ്ഫു

 Web Desk    18 Feb 2026

കുങ്ഫു കലാകാരന്മാരായ കുട്ടികൾക്കൊപ്പം ആയോധന കലയുടെ ചുവടുകൾ വെക്കുകയാണ് ഒരു കൂട്ടം ഹ്യൂമനോയിഡ് റോബോട്ടുകൾ. തിങ്കളാഴ്ച ചൈന മീഡിയ ഗ്രൂപ്പ് 2026 സ്പ്രിങ് ഫെസ്റ്റിവൽ ഗാലയിലാണ് ഈ ആയോധന കലാ പ്രകടനം നടന്നത്. യുണിട്രീ റോബോട്ടിക്‌സിന്റെ ജി1 റോബോട്ടുകളാണിവ.

കുങ്ഫുവിൽ പ്രാവീണ്യമുള്ള കുട്ടികൾ എല്ലാവരും ചെയ്യുന്ന അതേ ചുവടുകളാണ് യാതൊരു വെത്യാസവുമില്ലാതെ ഈ റോബോട്ടുകൾ വേദിയിൽ അവതരിപ്പിക്കുന്നത്. ഹ്യൂമനോയിഡ് റോബോട്ടുകളുടെ ശാരീരിക ക്ഷമതയും വഴക്കവും എത്രത്തോളം മുന്നേറിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ കാഴ്ച.

പതിയെ തുടങ്ങിയ ചുവടുകൾ ക്രമേണ വേഗത്തിലാവുന്നതും മനുഷ്യക്കുട്ടികളെ പോലെ നിലതെറ്റാതെ റോബോട്ടുകൾ അഭ്യാസങ്ങൾ കാണിക്കുന്നതും ആരേയും അമ്പരപ്പിക്കുന്ന കാഴ്ചയാണ്. വാളുകൾ, നഞ്ചക്കുകൾ പോലുള്ള പരമ്പരാഗത കുങ്ഫു ആയുധങ്ങളും റോബോട്ടുകൾ മികവോടെ ഉപയോഗിക്കുന്നുണ്ട്.ചൈനയുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പരമ്പരാഗത ഉത്സവമാണ് സ്പ്രിങ് ഫെസ്റ്റിവൽ. ചൈനീസ് പുതുവർഷമെന്നും ഇത് അറിയപ്പെടുന്നു. ചുൻവാൻ എന്നറിയപ്പെടുന്ന സ്പ്രിങ് ഫെസ്റ്റിവൽ ഗാലയും വർഷങ്ങളായുള്ള ആചാരത്തിന്റെ ഭാഗമാണ്. 1983 മുതൽ ടിവിയിൽ സംപ്രേഷണം ചെയ്യപ്പെടുന്ന ഈ പരിപാടി, ലോകത്ത് ഏറ്റവും അധികം ആളുകൾ കാണുന്ന ടെലിവിഷൻ പരിപാടി എന്ന നിലയിൽ ഗിന്നസ് ലോക റെക്കോർഡും നേടിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News