Drisya TV | Malayalam News

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വനിതകള്‍ക്ക് 5000 രൂപ ബാങ്കില്‍ നിക്ഷേപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ 

 Web Desk    13 Feb 2026

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വനിതകള്‍ക്ക് 5000 രൂപ ബാങ്കില്‍ നിക്ഷേപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ 'ഞെട്ടിക്കല്‍' നടത്തിയിരിക്കുകയാണ്. എല്ലാ മാസവും 15ന് വനിതകള്‍ക്ക് 1000 രൂപ സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഈ മാസം അല്‍പ്പം നേരത്തെയാണ് തുക നല്‍കിയത്. കൂടാതെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ തുകയും ഇന്ന് നല്‍കി. ഒപ്പം വേനല്‍ ബത്തയായി 2000 രൂപയും.

അണ്ണാഡിഎംകെയെ ശരിക്കും കുഴക്കിയിരിക്കുകയാണ് സ്റ്റാലിന്റെ 'ബിഹാര്‍ മോഡല്‍' നീക്കം. തിരഞ്ഞെടുപ്പിന് മുമ്പ് ബിഹാറില്‍ നിതീഷ് സര്‍ക്കാര്‍ 10000 രൂപയാണ് വനിതകള്‍ക്ക് നല്‍കിയിരുന്നത്. സ്റ്റാലിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ടിവികെ അധ്യക്ഷന്‍ വിജയ് നടത്തിയത്. ആരില്‍ നിന്നും പണം വാങ്ങാം. വോട്ട് ടിവികെ ചിഹ്നമായ വിസില്‍ അടയാളത്തില്‍ ചെയ്യണം എന്നാണ് വിജയ് പറഞ്ഞത്.കൂടാതെ സ്റ്റാലിന്റെ നീക്കത്തെ അദ്ദേഹം ചോദ്യം ചെയ്തു.

ടിവികെയുടെ സമ്മേളനം ഇന്ന് സേലത്ത് നടന്നിരുന്നു. ഈ വേളയിലാണ് വിജയ് മുഖ്യമന്ത്രി സ്റ്റാലിനെതിരെ സംസാരിച്ചത്. എന്തുകൊണ്ടാണ് ഈ വര്‍ഷം വേനല്‍ ബത്തയായി 2000 രൂപ നല്‍കിയത്. ഈ വര്‍ഷമാണോ ആദ്യമായി വേനല്‍ വരുന്നത്. കഴിഞ്ഞ വര്‍ഷമൊന്നും വേനന്‍ ഉണ്ടായിരുന്നില്ലേ എന്നും വിജയ് ചോദിച്ചു. സാധാരണ 15ന് വിതരണം ചെയ്യുന്ന വനിതകള്‍ക്കുള്ള 1000 രൂപ ഇത്തവണ മാത്രം എന്തുകൊണ്ട് 13ന് കൊടുത്തു എന്നും വിജയ് ചോദിച്ചു.

സഖ്യം ചേര്‍ന്ന് മല്‍സരിക്കുകയും ഒറ്റയ്ക്ക് ഭരിക്കുകയും ചെയ്യുന്ന രീതി മാറണം എന്ന് വിജയ് പറഞ്ഞു. ഡിഎംകെയെയും അണ്ണാഡിഎംകെയെയും പേരെടുത്ത് പറയാതെയാണ് വിജയ് ഇക്കാര്യം പറഞ്ഞത്. ഇത്തവണ തനിച്ചാണ് ടിവികെ മല്‍സരിക്കുന്നത് എന്ന് വിജയ് സൂചിപ്പിച്ചു. അതേസമയം, സഖ്യം ചേര്‍ന്ന് മല്‍സരിച്ചാല്‍ അധികാരം പങ്കിടാന്‍ തയ്യാറാണ് എന്ന് വിജയ് പറഞ്ഞിരുന്നു.

  • Share This Article
Drisya TV | Malayalam News