ഓപ്പൺഎഐ, ഗൂഗിൾ, ആമസോൺ, മെറ്റ തുടങ്ങിയവയുടെ എഐ ഡാറ്റാ സെന്ററുകളുടെ അതിവേഗ വികസനത്തെ നിയന്ത്രിക്കുന്ന കരാറിൽ കമ്പനികൾ ഒപ്പുവെക്കേണ്ടിവരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ടെക് കമ്പനികളുടെ ഊർജ്ജ ഉപഭോഗത്തിന്റെ വില അമേരിക്കക്കാർ നൽകേണ്ടി വരില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് നീക്കങ്ങൾ.
വൈദ്യുതി, ജല ഉപയോഗം സംബന്ധിച്ച് മൈക്രോസോഫ്റ്റ് ചില നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ കരാറിനുള്ള നീക്കം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. സ്വന്തം ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ വൈദ്യുതിക്ക് കൂടുതൽ പണം നൽകുമെന്നും, അധികമായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും, ജല ഉപഭോഗം കുറയ്ക്കുമെന്നും മൈക്രോസോഫ്റ്റ് അടുത്തിടെ അറിയിച്ചിരുന്നു. പ്രാദേശിക നികുതി ഇളവുകൾ സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് എല്ലാ എഐ കമ്പനികളെയും ലക്ഷ്യമാക്കിയുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ധാരാളം ഊർജം ആവശ്യമുള്ള ഡാറ്റാ സെന്ററുകൾ വീടുകളിലെ വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്നും, ജലസ്രോതസ്സുകളിൽ സമ്മർദ്ദം ചെലുത്തില്ലെന്നും, ഗ്രിഡ് തകരാൻ ഇടയാക്കില്ലെന്നും ഉറപ്പാക്കാനുള്ളതാണ് കരാർ എന്നാണ് പുറത്തുവരുന്ന വിവരം. എഐ ഉത്പന്നങ്ങളുടെ ഡിമാൻഡ് വർധിക്കുന്നതോടെ കമ്പനികൾ പുതിയ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള ചെലവും വഹിക്കുമെന്നും കരാർ നിർദേശിക്കും. അന്തിമരൂപം ആയിട്ടില്ലെങ്കിലും ഡോണാൾഡ് ട്രംപും പ്രധാന യുഎസ് ടെക് കമ്പനികളും ഡാറ്റാ സെന്റർ ഡെവലപ്പർമാരും തമ്മിൽ സ്വമേധയാ ഏർപ്പെടുന്ന ഒരു കരാറായി ഇത് മാറും.
കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഏതൊക്കെ കമ്പനികളാണ് കരാറിന് സമ്മതിച്ചിട്ടുള്ളതെന്നും വ്യക്തമായിട്ടില്ല. നേരിട്ടുള്ള നിയന്ത്രണം ഏർപ്പെടുത്താതെതന്നെ എഐ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള വലിയ നീക്കമായിരിക്കും ഈ കരാർ എന്നാണ് വിലയിരുത്തപ്പെടുന്നത്.
എഐ ഡാറ്റാ സെന്റർ ഡെവലപ്പർമാർ അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായ ഊർജ്ജ ഉത്പാദനത്തിന്റെ 100 ശതമാനം ചെലവും വഹിക്കണമെന്ന് കരാറിൽ നിർദേശമുണ്ടെന്നാണ് സൂചന. ഡാറ്റാ സെന്ററുകളുടെ പ്രവർത്തനം വിജയകരമാകാത്ത സാഹചര്യം മുന്നിൽക്കണ്ട് ദീർഘകാല വൈദ്യുതി കരാറുകളിൽ കമ്പനികൾക്ക് ഒപ്പുവെക്കേണ്ടിയും വന്നേക്കാം. ഡാറ്റാ സെന്ററുകളെ ഗ്രിഡ്ഡുമായി ബന്ധിപ്പിക്കുന്ന ട്രാൻസ്മിഷൻ ലൈനുകളുടെ മുഴുവൻ ചെലവും വഹിക്കേണ്ടിവരും. പുതിയ സംവിധാനങ്ങൾ ശീതീകരിക്കുന്നതിന് ആവശ്യമായ ജലസ്രോതസുകൾ കമ്പനികൾതന്നെ വികസിപ്പിക്കേണ്ടിവരും. പ്രാദേശിക ജല ലഭ്യതയേയും ജലത്തിന്റെ ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടിയും വരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.